‘പലസ്തീൻ അധിനിവേശ അജണ്ടയുടെ മുഖ്യശിൽപി’; ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം| kerala cm Pinarayi Vijayan Condemns union Government’s decision to host Israeli Finance Minister | Kerala


Last Updated:

‘ഗാസയില്‍ വംശഹത്യ നടക്കുമ്പോള്‍ നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളില്‍ ഏര്‍പ്പെടുന്നത് പലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാര്‍ഢ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്’

പിണറായി വിജയൻപിണറായി വിജയൻ
പിണറായി വിജയൻ

കൊച്ചി: ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ആതിഥേയത്വം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമർ‌ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര വലതുപക്ഷക്കാരനും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിന്റെയും വിപുലീകരണ അജണ്ടയുടെയും മുഖ്യശില്‍പിയുമാണ് ബെസലേല്‍ സ്‌മോട്രിച്ചെന്ന് മുഖ്യമന്ത്രി എക്സിൽ‌ കുറിച്ചു.

ഗാസയില്‍ വംശഹത്യ നടക്കുമ്പോള്‍ നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളില്‍ ഏര്‍പ്പെടുന്നത് പലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാര്‍ഢ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. പലസ്തീന് മേല്‍ അധിനിവേശം തുടരുന്ന ഇസ്രായേലുമായി സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് ദുഃഖകരമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സ്‌മോട്രിച്ചിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ സിപിഎം പൊളിറ്റ് ബ്യൂറോയും അപലപിച്ചു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും കേന്ദ്രനടപടിയെ അപലപിച്ച് രംഗത്തെത്തി. ഇസ്രായേല്‍ ഗാസയില്‍ വംശീയ ഉന്മൂലനം നടത്തുമ്പോള്‍ മോദി സര്‍ക്കാര്‍ ഇസ്രയേലുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ചത് ദൗര്‍ഭാഗ്യകരമെന്ന് ഉവൈസി കുറിച്ചു.

സെപ്റ്റംബർ‌ 8നാണ് ബെസലേൽ‌ സ്മോട്രിച്ച് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പുവക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പലസ്തീൻ അധിനിവേശ അജണ്ടയുടെ മുഖ്യശിൽപി’; ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം

Comments are closed.