Last Updated:
അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നാണ് ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചത്
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര നടുവിലക്കര ഗംഗാ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനാണ് ശ്രീരാഗ് (36). മരിച്ചവരില്‍ ശ്രീരാഗും ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ക്കും കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും വിവരം ലഭിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറലില്‍നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇറ്റലി ആസ്ഥാനമായുള്ള സീ ക്വസ്റ്റ് എന്ന സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്.
മൊസാംബിക്കിനടുത്ത് ബെയ്റ തുറമുഖത്തിനകലെ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ ശ്രീരാഗടക്കമുള്ള 21 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. 15 പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ റാന്നി സ്വദേശിയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നാണ് ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷ് (22), ശ്രീരാഗ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. ശ്രീരാഗ് മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
കപ്പലിൽ ജോലിക്കായി ബോട്ടിൽ പോകും വഴി 16ന് പുലർച്ചെ 3.30നായിരുന്നു അപകടം നടന്നത്. 21 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. നാലുവയസും രണ്ടുമാസവും പ്രായമുള്ള മക്കളും ഉണ്ട്.
സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ ഇന്ദ്രജിത്തിനായുള്ള തിരച്ചിൽ തുടരുന്നു. എടയ്‌ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഈ മാസം 14നാണ് നാട്ടിൽ നിന്ന് പോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ്. ഇളയ സഹോദരൻ അഭിജിത്.
Summary: The death of Sreerag (36), a native of Thevalakkara in Kollam, has been confirmed following the boat accident in the African country of Mozambique. Sreerag is the son of Radhakrishnan and Sheela, of Ganga Bhavan, Naduvilakkara, Thevalakkara, Kollam. The news that Sreerag was among the deceased has been conveyed to his relatives and Kollam MP N. K. Premachandran.
Kollam,Kollam,Kerala
October 20, 2025 7:37 PM IST

Comments are closed.