‘ടീം ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ്| Plea to Ban Team India Name Dismissed by Delhi High Court as Sheer Wastage of Time | Sports


Last Updated:

ബിസിസിഐ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീംഇന്ത്യൻ ക്രിക്കറ്റ് ടീം
ഇന്ത്യൻ ക്രിക്കറ്റ് ടീം

ബിസിസിഐയുടെ ക്രിക്കറ്റ് ടീമിനെ ‘ടീം ഇന്ത്യ’ അല്ലെങ്കിൽ ‘ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം’ എന്ന് വിളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ബിസിസിഐ ഒരു സ്വകാര്യ സ്ഥാപനമാണെന്നും അതിൻ്റെ ക്രിക്കറ്റ് ടീമിനെ ‘ടീം ഇന്ത്യ’ എന്ന് വിളിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും അഭിഭാഷകനായ ‘രീപക് കൻസൽ’ സമർപ്പിച്ച ഹർജിയിൽ വാദിച്ചു.

“ഇത് കോടതിയുടെയും നിങ്ങളുടെയും വിലപ്പെട്ട സമയം പാഴാക്കലാണ്,” എന്ന് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഔദ്യോഗികമായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്ന് ബിസിസിഐ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

“…ദൂരദർശൻ, ആകാശവാണി തുടങ്ങിയ പ്രസാർ ഭാരതിയുടെ പ്ലാറ്റ്‌ഫോമുകൾ ബിസിസിഐയുടെ ടീമിനെ “ടീം ഇന്ത്യ” അല്ലെങ്കിൽ “ഇന്ത്യൻ നാഷണൽ ടീം” എന്ന് പരാമർശിക്കുന്നത് തുടരുന്നു. ബിസിസിഐയുടെ ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ ഇന്ത്യൻ ദേശീയ പതാക ഉപയോഗിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിന് ദേശീയ പദവി നൽകുന്നത് പൊതുജനമനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയും സ്വകാര്യ സ്ഥാപനത്തിന് അനാവശ്യമായ വാണിജ്യപരമായ നിയമസാധുത നൽകുകയും ചെയ്യുന്നു,” ഹർ‌ജിയിൽ പറയുന്നു.

“ദേശീയ നാമങ്ങളും ചിഹ്നങ്ങളും ഇന്ത്യൻ ദേശീയ പതാകയും ബിസിസിഐ പോലുള്ള സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ‌ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ റിട്ട് ഹർജി ഫയൽ ചെയ്യുന്നത്. സർക്കാരിൻ്റെ അംഗീകാരമോ വിജ്ഞാപനമോ ഇല്ലാത്ത സാഹചര്യത്തിൽ ബിസിസി‌ഐ രാജ്യത്തെ ഔദ്യോഗികമായി “ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം” ആയി പ്രതിനിധീകരിക്കുന്നു എന്ന് ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നത് തടയുകയാണ് ഈ ഹർജിയുടെ ലക്ഷ്യം,” ഹർജിയിൽ കൂട്ടിച്ചേർത്തു.

എന്നാൽ‌, ഹൈക്കോടതി ഹർജിക്കാരനെ വിമർശിച്ചു. “നിങ്ങൾ ബിസിസിഐയുടെ വിധിന്യായത്തെക്കുറിച്ച് വായിച്ചിട്ടുണ്ടോ? പ്രാഥമികമായി ഹർജി നിലനിൽക്കുമെന്ന് നിങ്ങൾക്ക് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കാനാകൂ. നിങ്ങളുടെ മനസ്സിൽ വരുന്നതെന്തും (വിഷയവസ്തു) ആകുമോ?” കോടതി ചോദിച്ചു.

“ആഗോളതലത്തിൽ കായികരംഗത്തെ മുഴുവൻ പ്രവർത്തന രീതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ ഇടപെടൽ പാടില്ലെന്ന് പറയുന്ന ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നിയമങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ അഭിപ്രായത്തിൽ, കായികരംഗത്തെ സർക്കാർ ഉദ്യോഗസ്ഥർ ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രമേ ആ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുകയുള്ളോ? ഒളിമ്പിക് ചാർട്ടറിനെക്കുറിച്ചോ ഒളിമ്പിക് പ്രസ്ഥാനത്തെക്കുറിച്ചോ നിങ്ങൾക്ക് അറിയാമോ? മുൻപ് ഫെഡറേഷനുകളിൽ സർക്കാർ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി ശക്തമായി ഇടപെട്ടിട്ടുള്ളത് നിങ്ങൾക്ക് അറിയാമോ?” ജസ്റ്റിസ് ഗെഡേല നിരീക്ഷിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

‘ടീം ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ്

Comments are closed.