പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും Pakistan to deploy twenty thousand troops in Gaza based on an agreement between the United States and Israel | World


Last Updated:

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഗാസ മുനമ്പിലേക്ക് പാക്കിസ്ഥാന്‍ സൈന്യത്തെ അയക്കാന്‍ ഒരുങ്ങുന്നത്

News18
News18

യുദ്ധാനന്തര പദ്ധതിയുടെ ഭാഗമായി ഗാസയില്‍ 20,000-ത്തോളം സൈനികരെ വിന്യസിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഗാസ മുനമ്പിലേക്ക് പാക്കിസ്ഥാന്‍ സൈന്യത്തെ അയക്കാന്‍ ഒരുങ്ങുന്നത്.

ഇസ്രായേല്‍ രഹസ്യന്വേഷണ ഏജന്‍സിയായ മൊസാദിന്റെയും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഗാസയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാക്കിസ്ഥാന്‍ കടന്നതെന്ന് സിഎന്‍എന്‍ ന്യൂസ്-18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാനും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനപരമായ പുനഃക്രമീകരണമാണ് ഈ വികസനം. ഗാസയില്‍ ഇടപ്പെട്ടുകൊണ്ട് പശ്ചിമേഷ്യയുടെ സുരക്ഷാ ഘടനയില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കും. ചരിത്രപരവും അഭൂതപൂര്‍വവുമായ പുനഃക്രമീകരണം എന്നാണ് ഈ നീക്കത്തെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ പരോക്ഷമായി ഇസ്രായേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ ഇടപെടലാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

യുദ്ധാനന്തര ഗാസയില്‍ പുനര്‍നിര്‍മ്മാണത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ പാക് സൈനിക സാന്നിധ്യമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസിനെ ഇല്ലായ്മ ചെയ്തുകൊണ്ട് ഇസ്രായേലിനും ഗാസയിലെ പാലസ്തീനിയന്‍ സായുധ ഗ്രൂപ്പുകള്‍ക്കും ഇടയില്‍ ഒരു ബഫര്‍ സോണായി പാക് സേന പ്രവര്‍ത്തിക്കും. മൊസാദും സിഐഎയും തമ്മിലുള്ള കരാര്‍ പ്രകാരം ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും ഭരണനിര്‍വ്വഹണത്തിനുമുള്ള സുരക്ഷാകവചമായി പാക് സേന പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക സഹായങ്ങളും ഇസ്രായേലും അമേരിക്കയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതല്‍ ഗഡുക്കള്‍, ഗള്‍ഫ് ഇടനിലക്കാര്‍ വഴിയുള്ള സാമ്പത്തിക സഹായം എന്നിവ ഇതിലുള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ട്രംപ് ഇടപ്പെട്ടാണ് ഇസ്രായേല്‍-ഗാസ യുദ്ധത്തിന് അവസാനമായത്. ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടി അംഗീകരിക്കുകയായിരുന്നു. ഉടമ്പടിയുടെ ഭാഗമായി ഗാസയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സിന്റെ ഭാഗമാകും (ഐഎസ്എഫ്) പാക്കിസ്ഥാന്‍ സൈന്യം. ഹമാസിനെ ഇല്ലാതാക്കുകയെന്ന ട്രംപിന്റെ പദ്ധതിയിലെ പ്രധാന വ്യവസ്ഥ നടപ്പാക്കുന്നതിന് ഐഎസ്എഫ് നേതൃത്വം നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു.

യുഎസ്-ഇസ്രായേല്‍ കരാര്‍ പ്രകാരം ഇന്തോനേഷ്യ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരുമായി ചേര്‍ന്നായിരിക്കും പാക്കിസ്ഥാന്‍ സേന പ്രവര്‍ത്തിക്കുക. അതേസമയം ഗാസയില്‍ പാക് സൈന്യത്തെ വിന്യസിപ്പിക്കാനുള്ള നീക്കം തുര്‍ക്കി, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ത്തേക്കുമെന്നും സൂചനയുണ്ട്. ചരിത്രപരമായി ഹമാസിന് അഭയം നല്‍കുകയും ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് ഈ രാജ്യങ്ങള്‍ക്ക്. മേഖലയില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പാലസ്തീന്‍ ഭീകര ഗ്രൂപ്പിനെ ഒരു സ്വാധീന ശക്തിയായാണ് ഈ രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്.

Comments are closed.