ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരു പതിറ്റാണ്ടിനിടെ 127 മടങ്ങ് വര്‍ധിച്ച് രണ്ട് ലക്ഷം കോടി രൂപയായി|India’s smartphone exports surge 127 times in a decade to 2 lakh crore | Money


Last Updated:

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 55 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി

News18
News18

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ സ്മാർട്ട്‌ഫോൺ കയറ്റുമതി 127 മടങ്ങ് വർധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 2024-25 വർഷമായപ്പോഴേക്കും രണ്ട് ലക്ഷം കോടി രൂപ മൂല്യമുള്ള സ്മാർട്ടഫോണുകൾ കയറ്റുമതി ചെയ്തു. 2014-15 വർഷത്തിൽ 1500 കോടി രൂപയുടെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് ഈ നേട്ടം.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലുതും അതിവേഗം വളരുന്നതുമായ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്‌സ് മാറി. 2021-22ൽ ഇത് മൂന്നാം സ്ഥാനത്തായിരുന്നു. സ്മാർട്ട്‌ഫോൺ ഉത്പാദനത്തിലെ വർധനവാണ് ഇതിന് പ്രധാന കാരണം. രാജ്യത്തെ രണ്ടാമത്തെ വലിയ കയറ്റുമതി ഇനമായി മാറാനുള്ള പാതയിലാണ് ഇതെന്നും സർക്കാർ പറഞ്ഞു.

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 55 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി. ഇതോടെ കയറ്റുമതി മൂല്യം ഒരു ലക്ഷം കോടി രൂപയിലെത്തി. 2024ൽ 1,10,989 കോടി രൂപ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ മേഖലയിൽ 25 ലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

”മൊബൈൽ ഫോൺ ഉത്പാദനത്തിൽ ഇന്ത്യ ഇപ്പോൾ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. പത്ത് വർഷം മുമ്പ് സ്മാർട്ട്‌ഫോണിന്റെ മിക്ക ഭാഗങ്ങളും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്ന് അവയിൽ ഭൂരിഭാഗവും രാജ്യത്ത് നിർമിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി,” കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 2014-15ൽ രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉത്പാദനം 1.9 ലക്ഷം കോടി രൂപയായിരുന്നത് 2024-25 സാമ്പത്തിക വർഷത്തിൽ 11.3 ലക്ഷം കോടി രൂപയായി വർധിച്ചു. ഏകദേശം ആറ് മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

സമാനകാലയളവിൽ കയറ്റുമതി 38,000 കോടി രൂപയിൽ നിന്ന് 3.27 ലക്ഷം കോടിയായി വർധിച്ചു. എട്ട് മടങ്ങിന്റെ വർധനവ് ഇത് രേഖപ്പെടുത്തി. രാജ്യത്തുടനീളമുള്ള 300-ലധികം വരുന്ന നിർമാണ യൂണിറ്റുകളാണ് ഈ വളർച്ചയ്ക്ക് കരുത്ത് പകരുന്നത്. 2014ൽ രാജ്യത്ത് വെറും രണ്ട് യൂണിറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായി ഇന്ത്യയെ മാറ്റിയതായി സർക്കാർ വ്യക്തമാക്കി.

ഇലക്ട്രോണിക്‌സ് കംപോണന്റ് മാനുഫാക്ചറിംഗ് സ്‌കീം (ഇസിഎംഎസ്) പ്രകാരം അംഗീകരിച്ച പദ്ധതികളാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. ഈ പദ്ധതി പ്രകാരം അംഗീകരിച്ച പ്രൊജക്ടുകളുടെ ആദ്യ ബാച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ 5,532 കോടി രൂപ നിക്ഷേപിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരു പതിറ്റാണ്ടിനിടെ 127 മടങ്ങ് വര്‍ധിച്ച് രണ്ട് ലക്ഷം കോടി രൂപയായി

Comments are closed.