Last Updated:
കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നു
പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ ആറു വർഷമായി ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്തനംതിട്ട അഴൂരിലാണ് സംഭവം. കുട്ടിയുടെ കൈകളിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദിക്കുക, കൈ പിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് പ്രതി മകനോട് ചെയ്തത്.
ഉപദ്രവം സഹിക്കാനാവാതെ കുട്ടി വീട്ടിൽ നിന്ന് ഓടി അടുത്തുള്ള വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. അവരാണ് സ്കൂളിലും പിന്നീട് ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ശിശു സംരക്ഷണ സമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.
കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നു. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും. സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനുശേഷം തീരുമാനിക്കും. അഴൂരിലെ വീട്ടിൽ പിതാവും മകനും മാത്രമായിരുന്നു താമസം. 2019 മുതൽ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. കൂടുതൽ ഉപദ്രവിക്കുമോ എന്ന് ഭയന്ന് കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. ശിശുക്ഷേമ സമിതിയുടെ കൗൺസലിങ്ങിനിടെയാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
Pathanamthitta,Kerala
October 30, 2025 11:12 AM IST

Comments are closed.