ഹിജാബിനെ എതിർത്തവർക്ക് ജീവൻ നഷ്ടമായ ഇറാനിൽ സ്ട്രാപ്‌ലെസ് ഗൗണ്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായതെങ്ങനെ? | How a strapless wedding gown became talked about in Iran | World


ഒരു സ്ട്രാപ്പ് ലെസ് വിവാഹഗൗണ്‍ ഇറാനില്‍ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയത് എങ്ങനെ?

അയത്തുള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവും ദേശീയ പ്രതിരോധ കൗണ്‍സിലിലെ ഖമേനിയുടെ പ്രതിനിധിയുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി(70)യുടെ മകളുടെ 2024 മേയില്‍ നടന്ന വിവാഹചടങ്ങിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഷംഖാനി മകള്‍ സെതയേഷിനെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതാണ് വീഡിയോയിലുള്ളത്.

സ്ട്രാപ് ലെസായ, കഴുത്ത് ഇറക്കി വെട്ടിയ ക്ലീവേജ് കാണുന്ന തരത്തിലുള്ള ഗൗണാണ് വധു ധരിച്ചിരിക്കുന്നത്. ടെഹ്‌റാനിലെ ആഢംബര എസ്പിനാസ് പാലസ് ഹോട്ടലില്‍വെച്ചാണ് ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനെത്തിയവര്‍ ആര്‍പ്പുവിളികളോടെയാണ് വരനെയും വധുവിനെയും സ്വീകരിച്ചത്.

ഹിജാബോ ശിരോവസ്ത്രമോ ഇല്ലാതെയാണ് വിവാഹത്തില്‍ പല സ്ത്രീകളും പങ്കെടുത്തത്. അതില്‍ ഷംഖാനിയുടെ ഭാര്യയും ഉള്‍പ്പെടുന്നു. നീലനിറത്തിലുള്ള ലെയ്‌സില്‍ തുന്നിയ ഈവെനിംഗ് ഗൗണ്‍ ധരിച്ചാണ് അവര്‍ എത്തിയത്. ഇറാനിലെ രാഷ്ട്രീയമേഖലയില്‍ നിന്നുള്ള ഉന്നതരായ നിരവധി പേര്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതായി പറയപ്പെടുന്നു.

ഇതൊരു രാഷ്ട്രീയ അഴിമതിയായി മാറിയത് എങ്ങനെ?

ഹിജാബ് നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിനായി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ 80,000 സദാചാര ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഭരണകൂടം തയ്യാറെടുക്കുന്ന സമയത്താണ് ഈ വീഡിയോ ചോര്‍ന്നത്. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജയില്‍ ശിക്ഷയും ചാട്ടവാറടിയും നിര്‍ബന്ധമാക്കുന്ന നിയമം ജൂണിലാണ് ടെഹ്‌റാന്‍ അവതരിപ്പിച്ചത്.

2022ല്‍ മഹ്‌സ അമിനിയുടെ മരണശേഷം പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്താന്‍ മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന സൈനിക കമാന്‍ഡറുമായ ഷംഖാനി പ്രധാന പങ്കുവഹിച്ചിരുന്നു. ഷംഖാനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടന്നത്. തല മറയക്കാതെയിരുന്നതിന് ഇറാന്റെ സദാചാര പോലീസ് ക്രൂരമായി മര്‍ദിച്ച അമിനി പിന്നീട് കോമയിലാകുകയും പോലീസ് കസ്റ്റഡിയില്‍ മരിക്കുകയുമായിരുന്നു.

അന്ന് ഇറാന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ 68 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 20,000ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായ ഹിജാബ്, സദാചാര നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് ഇറാന്റെ ഉന്നതനേതൃത്വം കാണിക്കുന്ന ഇരട്ടത്താപ്പിനെയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ ഒരാളായ അലി ഷംഖാനിയുടെ മകള്‍ സ്ട്രാപ്പ്‌ലെസ് വസ്ത്രത്തില്‍ ആഡംബരപൂര്‍ണ്ണമായ ഒരു വിവാഹം നടത്തി. അതേസമയം, ഇറാനിലെ സ്ത്രീകളെ മുടി കാണിച്ചതിന് തല്ലുന്നു, യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയുന്നില്ല,” നാടുകടത്തപ്പെട്ട ഇറാനിയന്‍ ആക്ടിവിസ്റ്റായ മാസിഹ് അലിനെജാദ് സാമൂഹികമാധ്യമമായ എക്‌സില്‍ എഴുതി.

ഖമേനി ഭരണകൂടം “തങ്ങളുടെ മേല്‍ ഒഴികെ സാധാരണക്കാരായ മറ്റെല്ലാവരുടെയും മേല്‍ വെടിയുണ്ടകള്‍, ബാറ്റണുകള്‍, ജയിലുകള്‍ എന്നിവ ഉപയോഗിച്ച് ഇസ്ലാമിക മൂല്യങ്ങള്‍” അടിച്ചേല്‍പ്പിക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ രോഷാകുലരാണെന്ന് അവര്‍ പറഞ്ഞു.

“ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് കൊട്ടാരം പോലുള്ള ഒരു വേദിയില്‍ തന്റെ മകളുടെ വിവാഹം ആഘോഷിക്കുകയായിരുന്നു. മുടിയുടെ ഒരു ഭാഗം കാണിച്ചതിന് മഹ്സ അമിനിയെ കൊന്ന, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലിലടച്ച, പെണ്‍കുട്ടികളെ വാനുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ 80,000 ‘സദാചാര പോലീസിനെ’ നിയമിച്ച അതേ ഭരണകൂടം സ്വന്തമായി ഒരു ആഡംബര പാര്‍ട്ടി നടത്തുന്നു. ഇത് കാപട്യമല്ല, വ്യവസ്ഥയാണ്. സ്വന്തം പെണ്‍മക്കള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് പരേഡ് നടത്തുമ്പോള്‍ അവര്‍ ‘എളിമ’ പ്രസംഗിക്കുന്നു. നിയമങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, അവര്‍ക്കുള്ളതല്ല,” അലിനെജാദ് കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ ജേണലിസ്റ്റായ ആമിര്‍ ഹൊസെയ്ന്‍ മൊസല്ലയും പ്രതിഷേധവുമായി രംഗത്തെത്തി. “ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക് തന്നെ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്വന്തം നിയമങ്ങളില്‍ വിശ്വാസമില്ല. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

പരിഷ്‌കരണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന പത്രമായ ഷാര്‍ഗ് ഒന്നാം പേജിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. “അഴിമതിയില്‍ കുഴിച്ചുമൂടപ്പെട്ടു” എന്ന തലക്കെട്ടോയാണ് വാര്‍ത്ത നല്‍കിയത്. ചില രാഷ്ട്രീയ പണ്ഡിതന്മാരും യുദ്ധത്തില്‍ പങ്കെടുത്തവരും സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ഷംഖാനി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് ഈ വീഡിയോ ചോര്‍ന്നത്.

ഇറാനിലെ അര്‍ധ ഉദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം വാര്‍ത്താ ഏജന്‍സിയും ഷംഖാനിയെ ലക്ഷ്യം വെച്ച് എഴുതി. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥരുടെ ജീവിത ശൈലി മാതൃകാപരമായിരിക്കണമെന്നതില്‍ സംശയമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഒരു സ്വകാര്യ വീഡിയോ പ്രസിദ്ധീകരിക്കുന്നത് ധാര്‍മികമല്ലെന്നും അത് കൂട്ടിച്ചേര്‍ത്തു.

ക്ലിപ്പ് ചോര്‍ത്തിയത് ഇസ്രയേല്‍ ആണെന്ന് ഷംഖാനി കുറ്റപ്പെടുത്തി. ആളുകളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് ഇസ്രായേലിന്റെ പുതിയ കൂട്ടക്കൊലയുടെ രീതിയാണെന്ന് ഷംഖാനി പറഞ്ഞു. ഇറാനിലെ മുന്‍ മന്ത്രി എസ്സാത്തോള സര്‍ഗാമി ഉള്‍പ്പെടെയുള്ളവര്‍ ഷംഖാനിയെ പിന്തുണച്ച് രംഗത്തെത്തി. ചടങ്ങില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ നല്‍കിയിരുന്നതായി അവകാശപ്പെട്ടു. ചില സ്ത്രീകള്‍ മൂടുപടം ധരിച്ചിരുന്നുവെന്നും അല്ലാത്തവര്‍ അടുത്ത ബന്ധുക്കളായിരുന്നുവെന്നും സര്‍ഗാമി അവകാശപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഹിജാബിനെ എതിർത്തവർക്ക് ജീവൻ നഷ്ടമായ ഇറാനിൽ സ്ട്രാപ്‌ലെസ് ഗൗണ്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായതെങ്ങനെ?

Comments are closed.