Last Updated:
ദമ്പതികളുടെ ഹർജിയിലെ മാനുഷിക വശം അംഗീകരിച്ച കോടതി പരോൾ അനുവദിക്കുകയായിരുന്നു
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി(ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF)) പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. ജയേന്ദ്ര ദാമോർ ഭാര്യ സേജൽ ബാരിയ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. 2010-ൽ സേജലിന്റെ മുൻ കാമുകൻ പിനാകിൻ പട്ടേലിനെ കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ് ഇരുവരും. ഇപ്പോൾ 38 നും 40 നും ഇടയിൽ പ്രായമുള്ള ദമ്പതികൾ പ്രായവുമായി ബന്ധപ്പെട്ട പ്രത്യുൽപാദന പ്രശ്നങ്ങളും ഒരു കുട്ടിയുണ്ടാകാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടി ഐവിഎഫ് ചികിത്സയ്ക്ക് അനുമതിതേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2023-ൽ, ദാഹോദിലെ ഒരു സ്പെഷ്യലിസ്റ്റിന്റെ കീഴിൽ വന്ധ്യതാ ചികിത്സ ആരംഭിക്കുന്നതിനായി ഹൈക്കോടതി സേജലിന് പരോൾ അനുവദിച്ചിരുന്നു. അവരുടെ മെഡിക്കൽ വിലയിരുത്തലിനെത്തുടർന്ന്, നടന്നുകൊണ്ടിരിക്കുന്ന IVF പ്രക്രിയയിൽ പങ്കെടുക്കാൻ ജയേന്ദ്രയും സമാനമായ അനുമതി തേടി. ദമ്പതികളുടെ ഹർജിയിലെ മാനുഷിക വശം അംഗീകരിച്ച കോടതി, നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ഒക്ടോബർ 16-ന് ഭർത്താവിന് താൽക്കാലികമായി പരോൾ അനുവദിക്കുകയായിരുന്നു.
നിശ്ചിത സമയത്തിനുള്ളിൽ വൈദ്യപരിശോധന പൂർത്തിയാക്കാൻ കഴിയാത്തതിനാൽ, രണ്ട് പേരും ഒക്ടോബർ 28 ന് വീണ്ടും കോടതിയിൽ ഹാജരായി. ഹർജി കേട്ട ജസ്റ്റിസ് എച്ച്.ഡി. സുതാർ നവംബർ 2 വരെ പരോൾ നീട്ടുകയും അതിനുശേഷം ഉടൻ തന്നെ ജയിലിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.
2010-ൽ സേജലിന്റെ മുൻ പങ്കാളിയായ പിനാകിൻ പട്ടേൽ വേർപിരിഞ്ഞതിന് ശേഷം അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനും അപമാനിതനുമായ ജയേന്ദ്രയും സേജലും അയാളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗോധ്രയ്ക്കടുത്തുള്ള പാവബാദിലെ ഒരു ഗസ്റ്റ്ഹൗസിൽ പട്ടേലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് വർഷത്തിന് ശേഷം, 2013-ൽ, സെഷൻസ് കോടതി ദമ്പതികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
New Delhi,Delhi
October 31, 2025 3:07 PM IST
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി

Comments are closed.