മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ| Parent Who Is a Murder Case Accused Arrested for Attacking Teacher at School | Crime


Last Updated:

നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ധനീഷാണ് കൊടുങ്ങല്ലൂർ ആല സ്വദേശിയായ അധ്യാപകന് നേരെ ആക്രമണം നടത്തിയത്

മതിലകം പോലീസ്
മതിലകം പോലീസ്

തൃശൂർ ശ്രീനാരായണപുരത്ത് സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. പോഴങ്കാവ് സ്വദേശി ധനീഷാണ് അറസ്റ്റിലായത്. അതേസമയം ധനീഷിന്റെ മകനെ അധ്യാപകൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മാനസികമായി ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സംഭവം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പിനും അവർ പരാതി നൽകിയിരിക്കുയാണ്.

തിങ്കളാഴ്ച വൈകിട്ട് 3.30യോടാണ് കൊടുങ്ങല്ലൂർ, പോഴങ്കാവ് സെന്റ് ജോർജ്ജ് മിക്സഡ് എൽ പി സ്കൂളിൽ അധ്യാപകൻ ഭരത് കൃഷ്ണക്ക് നേരെ കയ്യേറ്റമുണ്ടാകുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും അന്നേ ദിവസം ഇറങ്ങിപ്പോയിരുന്നു. കുട്ടിയുടെ വീട്ടിലെത്തി ഭരത് വിദ്യാർത്ഥിയെ തിരികെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ഇക്കാര്യം ചോദിക്കുന്നതിനായി സ്കൂളിലെത്തി ധനീഷും ഭരതും തമ്മിൽ തർക്കമുണ്ടാവുകയും ധനീഷ് ഭരതിനെ മർദ്ദിക്കുകയുമായിരുന്നു.

സംഭവ ശേഷം ഒളിവിൽ പോയ ധനീഷിനെെ മതിലകം പൊലീസ് നെടുമ്പാശ്ശേരിയിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. വൈകിട്ടോടെ മതിലകം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയിൽ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ അധ്യാപകൻ കുട്ടിയോട് നിരന്തരമായി മോശമായി പെരുമാറിയിരുന്നുവെന്നും സംഭവദിവസം നിർബന്ധിച്ച് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയാണ് ഉണ്ടായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

മതിലകം പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും കാപ്പ കേസ് പ്രതിയുമാണ് കേസിൽ അറസ്റ്റിലായ ധനീഷ്. ഇയാളുടെ കേസുകളെ ചൊല്ലി അധ്യാപകനായ ഭരത് കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്നും ഇതേ തുടർന്ന് 10 വയസുകാരനായ മകൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇക്കാരണം കൊണ്ട് ആഴ്ചകളോളം സ്കൂളിൽ പോയിരുന്നില്ലെന്നും രശ്മി പറഞ്ഞു. കുട്ടിയെ മാനസികമായി വേദനിപ്പിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും സിഡബ്ല്യുസിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ് ഇവർ.

Comments are closed.