എഡിഎം നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി| Former ACP tk rathnakumar Who Investigated adm naveen babu death Case to Contest as CPM Candidate in Kannur | Kerala


Last Updated:

ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള വാര്‍ഡാണാണ് കോട്ടൂർ

ടി കെ രത്നകുമാർ, നവീൻ ബാബു
ടി കെ രത്നകുമാർ, നവീൻ ബാബു

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത്. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള വാര്‍ഡാണാണ് കോട്ടൂർ.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.

32 വർഷത്തെ സേവനത്തിനുശേഷമാണ് ടി കെ രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്. അഴീക്കലിലെ മറുനാടൻ തൊഴിലാളിയുടെ കൊലപാതകം, പയ്യാവൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ കേസ്, പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാകം, കണ്ണൂരിൽ തീവണ്ടിയുടെ കംപാർട്ട്മെന്റിന് തീയിട്ട കേസ് തുടങ്ങിയവ അന്വേഷിച്ചത് രത്നകുമാറാണ്.

നഗരത്തിലെ ലോറി ഡ്രൈവറുടെ കൊലപാതകം, തമിഴ് യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്, ചക്കരക്കൽ വിജിന വധം, പയ്യാമ്പലം ബൈജു വധം തുടങ്ങിയവയും അന്വേഷിച്ചു. കണ്ണൂർ സിറ്റിയിലെ വിനോദൻ വധത്തിൽ പ്രതിയായ തടിയന്റവിടെ നസീറിനെ പീടികൂടിയത് രത്നകുമാറാണ്.

1993-ൽ കോൺസ്റ്റബിളായാണ് സേനയിൽ പ്രവേശിച്ചത്. 2003ൽ പിഎസ്‍സി പരീക്ഷ പാസായി പേരാവൂർ സബ് ഇൻസ്പെക്ടറായി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസിലും ക്രൈം ബ്രാഞ്ചിലും ജോലിചെയ്തു. 2019ൽ ഡിവൈഎസ്‌പിയായി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ഇൻസ്പെക്ടറായി പ്രവർത്തിക്കുന്നതിനിടെയാണ്‌ കണ്ണൂർ സിറ്റി പോലീസിന്റെ എസിപിയായത്.

Comments are closed.