Last Updated:
2023-ല്‍ വിരമിച്ച ജസ്റ്റിസ് മുരളീധര്‍ ധീരമായ വിധിന്യായങ്ങളിലൂടെയും പുരോഗമനപരമായ കാഴ്ചപ്പാടുകളിലൂടെയും പേരുകേട്ട ന്യായധിപനാണ്
ഇസ്രായേലിലെയും അധിനിവേശ പാലസ്തീന് പ്രദേശങ്ങളിലെയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന്റെ തലപ്പത്ത് ഒഡീഷ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മുരളീധറിനെ തിരഞ്ഞെടുത്തു. മുന്നംഗ കമ്മീഷന്റെ ചെയര്‍മാനായാണ് ജസ്റ്റിസ് മുരളീധറിനെ നിയമിക്കുന്നത്.
2023-ല്‍ വിരമിച്ച ജസ്റ്റിസ് മുരളീധര്‍ ധീരമായ വിധിന്യായങ്ങളിലൂടെയും പുരോഗമനപരമായ കാഴ്ചപ്പാടുകളിലൂടെയും പേരുകേട്ട ന്യായധിപനാണ്. ബ്രസീലിയന്‍ നിയമ വിദഗ്ദ്ധന് പൗലോ സെര്‍ജിയോ പിന്‍ഹീറോയുടെ പിന്‍ഗാമിയാണ് അദ്ദേഹം.
ഗാസയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടയിലാണ് യുഎന്‍ അന്വേഷണ സമിതിയുടെ തലപ്പത്ത് മുരളീധറിനെ നിയമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2021-ല്‍ രൂപീകരിച്ച യുഎന്‍ കമ്മീഷന് സംഘര്‍ഷത്തില്‍ ഇസ്രായേലിലെയും പാലസ്തീനിലെയും മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ പരിശോധിക്കും.
1984-ല്‍ മദ്രാസ് ഹൈക്കോടതിയിലാണ് ജസ്റ്റിസ് മുരളീധര്‍ ഔദ്യോഗികമായി അഭിഭാഷക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറി. ഏകദേശം രണ്ട് പതിറ്റാണ്ടോളം സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006-ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന മുരളീധര്‍ 2021-ല്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.
ഇദ്ദേഹത്തിന്റെ പ്രധാന വിധിന്യായങ്ങളില്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയതും ഉള്‍പ്പെടുന്നു. 2013-ല്‍ ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2023-ല്‍ വിരമിച്ച ശേഷം ജസ്റ്റിസ് മുരളീധര്‍ വീണ്ടും നിയമരംഗത്തേക്ക് മടങ്ങി. സുപ്രീം കോടതി അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു.
December 02, 2025 2:09 PM IST
എസ് മുരളീധര്‍: ഇസ്രായേല്‍-പാലസ്തീന് മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാനുള്ള യുഎന്‍ സമിതിയുടെ തലപ്പത്ത് മുന്‍ ചീഫ് ജസ്റ്റിസ്

Comments are closed.