Last Updated:
അര്‍ദ്ധനഗര പ്രദേശങ്ങളിലെ ശാഖകളില്‍ അക്കൗണ്ട് പുതിയതായി തുടങ്ങിയവരും മിനിമം ബാലന്‍സ് തുക 25,000 രൂപ നിലനിര്‍ത്തണം
ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കിയ മിനിമം ബാലന്‍സ് നിയമങ്ങളില്‍ വ്യക്തത വരുത്തി സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. പുതിയ സേവിംഗ്സ് എക്കൗണ്ടുകള്‍ക്ക് മാത്രമേ മിനിമം ബാലന്‍സ് നിയമങ്ങള്‍ ബാധകമാകൂ എന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി.
പുതുക്കിയ മിനിമം ബാലന്‍സ് ഘടന പ്രകാരം നഗര പ്രദേശങ്ങളില്‍ പുതിയ സേവിംഗ് എക്കൗണ്ട് ഉപഭോക്താക്കള്‍ കുറഞ്ഞത് 25,000 രൂപ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. അര്‍ദ്ധനഗര പ്രദേശങ്ങളിലെ ശാഖകളില്‍ അക്കൗണ്ട് പുതിയതായി തുടങ്ങിയവരും മിനിമം ബാലന്‍സ് തുക 25,000 രൂപ നിലനിര്‍ത്തണം. നേരത്തെയിത് 5,000 രൂപയായിരുന്നു. ഗ്രാമീണ ശാഖകളില്‍ മിനിമം ബാലന്‍സ് തുക 5,000 രൂപയില്‍ നിന്നും 10,000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഓഗസ്റ്റിനു മുമ്പ് തുടങ്ങിയ സേവിംഗ്സ് എക്കൗണ്ടുകള്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. അത്തരം എക്കൗണ്ട് ഉടമകള്‍ക്ക് നഗര പ്രദേശങ്ങളില്‍ 10,000 രൂപയും അര്‍ദ്ധ നഗര മേഖലയിലും ഗ്രാമീണ മേഖലയിലും 5,000 രൂപയുമായിരിക്കും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. എന്നാല്‍ സാലറി എക്കൗണ്ടുകളെയും അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം എക്കൗണ്ടുകള്‍ക്ക് ഏതെങ്കിലും മിനിമം ബാലന്‍സ് മാനദണ്ഡങ്ങള്‍ ബാധകമല്ല. ഇവ സീറോ ബാലന്‍സ് എക്കൗണ്ടുകളായി തുടരും.
ഐസിഐസിഐ ബാങ്കും പുതിയ എക്കൗണ്ടുകള്ക്കുള്ള മിനിമം ബാലന്‍സ് തുക ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെയും നീക്കം. എസ്ബിഐ, പിഎന്‍ബി പോലുള്ള പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മിനിമം ബാലന്‍സ് നിബന്ധനകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തപ്പോഴാണ് സ്വകാര്യ ബാങ്കുകള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മിനിമം ബാലന്‍സ് നിയമങ്ങള്‍ നിശ്ചയിക്കുന്നത് വ്യക്തിഗത ബാങ്കുകള്‍ക്ക് വിട്ടുകൊടുത്ത വാണിജ്യ തീരുമാനമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
New Delhi,Delhi
August 14, 2025 11:54 AM IST

Comments are closed.