തലശ്ശേരിയിൽ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 27-കാരൻ അറസ്റ്റിൽ|Man Arrested in Thalassery for Allegedly Assaulting Woman After Trespassing into Nurses’ Hostel | Crime


Last Updated:

സംഭവം നടന്ന് നാലര മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

News18
News18

കണ്ണൂർ: തലശ്ശേരിയിൽ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ നാലര മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ പാറാട് സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇയാൾ അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.

വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ എസ്.ഐ. കെ. അശ്വതിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ചിത്രം പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും പ്രതി കയറിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി വൈകീട്ട് ആറുമണിയോടെ എസ്.ഐ. അശ്വതിയും സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തശേഷം എസ്.ഐ. ഷമീൽ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ മുഹമ്മദ് അജ്മലിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

തലശ്ശേരിയിൽ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 27-കാരൻ അറസ്റ്റിൽ

Comments are closed.