Last Updated:
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയിൽ പരിചയം നടിച്ച് ബൈക്കിൽ കയറ്റിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പുല്പറ്റ ആരക്കോട് ഒളമതിൽ താരൻപിലാക്കൽ അബ്ദുൽ ഗഫൂർ ( 46) ആണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച ആണ് കേസിന് ആസ്പദമായ സംഭവം.സ്കൂൾ വിട്ട് വൈകിട്ട് മോങ്ങത്ത് നിന്ന് വീട്ടിലേക്ക് ബസ് കാത്തുനിന്നിരുന്ന പത്താം ക്ലാസ്സ്കാരിയെ അച്ഛന്റെ അടുത്ത സുഹൃത്താണെന്നും വീടിന്റെ അടുത്തുള്ള ആളാണെന്നും വീട്ടിലാക്കിതരാമെന്നും പറഞ്ഞ് നിർബന്ധിച്ച് പ്രതി ബൈക്കിൽ കയറ്റുയായിരുന്നു.
പോകുന്ന വഴിയേ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇയാളുടെ ഉദ്ദേശം മനസ്സിലാക്കിയ കുട്ടി ഓടുന്ന ബൈക്കിൽ നിന്നും എടുത്ത് ചാടുകയും ചെയ്തു. വീഴ്ചയിൽ കുട്ടിയുടെ കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രതി ബൈക്ക് നിർത്താതെ പോകുകയായിരുന്നു.
നാണക്കേടോർത്ത് കുട്ടിയുടെ വീട്ടുകാർ വിവരം പുറത്തി പറഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാർ ഇടപെട്ട് വിവരം പൊലീസിൽ അറിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. സംഭവ സമയത്ത് പ്രതി ഹെൽമെറ്റുകൊണ്ട് മുഖം മറച്ചിരുന്നതിനാൽ കുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി എം ഷമീറിന്റെ നേതൃത്വത്തിൽ എസ് ഐ ജിഷിൽ, സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, അബ്ദുള്ള ബാബു, അജിത് കുമാർ, ഋഷികേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Malappuram,Kerala
Dec 21, 2025 10:29 PM IST

Comments are closed.