കർണാടകയിൽ ജാതിമാറി വിവാഹം ചെയ്ത് 7 മാസം ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് അടിച്ചുകൊന്നു|7-Month Pregnant Woman Beaten to Death by Father and Relatives Over Inter-Caste Marriage | Crime


Last Updated:

മെയ് മാസത്തിലാണ് മാന്യ പാട്ടീൽ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്

News18
News18

കർണാടക: ഹുബ്ബള്ളിയിൽ ജാതിമാറി വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയായിരുന്ന മാന്യ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ് ഫക്കീർഗൗഡ ഉൾപ്പെടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മെയ് മാസത്തിലാണ് മാന്യ പാട്ടീൽ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തെ പെൺവീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും വിളിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. വീട്ടുകാരുടെ ഭീഷണി ഭയന്ന് ദമ്പതികൾ ഗ്രാമം വിട്ട് 70 കിലോമീറ്ററോളം അകലെയുള്ള ഹാവേരി ജില്ലയിലേക്ക് താമസം മാറി. എന്നാൽ, സാഹചര്യം ശാന്തമായെന്ന് കരുതി ഡിസംബർ 8-നു ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഞായറാഴ്ച വൈകുന്നേരം മാന്യയുടെ പിതാവും ബന്ധുക്കളും ചേർന്ന് ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറി. ആദ്യം മാന്യയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെട്ടു.

തുടർന്ന് വീടിനുള്ളിൽ കയറിയ അക്രമി സംഘം ഗർഭിണിയായ മാന്യയെ ഇരുമ്പ് പൈപ്പ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിന്റെ മാതാപിതാക്കളെയും സംഘം വെറുതെ വിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മാന്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധാർവാഡ് പോലീസ് സൂപ്രണ്ട് ഗുഞ്ജൻ ആര്യ ആശുപത്രിയും സംഭവസ്ഥലവും സന്ദർശിച്ചു. ആസൂത്രിതമായ കൊലപാതകമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ പോലീസ് മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിട്ടും അത് അവഗണിച്ച് കുടുംബം കൊലപാതകം നടത്തിയത് ഗ്രാമവാസികളെയും നടുക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Comments are closed.