‘ശബരിമല’ തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയതയെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം| Sabarimala Gold Theft and Factionalism Caused Defeat in thiruvananthapuram Criticism in CPM District Committee | Kerala


Last Updated:

വി ജോയിക്ക് പുറമെ മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി ചമയുന്നുവെന്നും വിമർശനം ഉയർന്നു.

സിപിഎം
സിപിഎം

തിരുവനന്തപുരത്തെ തോൽവിക്ക് കാരണം പാർട്ടിയിലെ വിഭാഗീയതയെന്ന് വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം ഉയർന്നത്. പേട്ടയിൽ നിന്ന് മത്സരിച്ച് ജയിച്ച എസ് പി ദീപക്കാണ് വിമര്‍ശനം ഉന്നയിച്ചത്. ജില്ലയിൽ പാർട്ടിക്ക് മൂന്ന് ‘ജില്ലാ സെക്രട്ടറിമാർ’ എന്നും ദീപക് വിമർശിച്ചു. വി ജോയിക്ക് പുറമെ മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി ചമയുന്നുവെന്നും വിമർശനം ഉയർന്നു.

ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായി

ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തിയത് തെറ്റെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ദോഷം ചെയ്തെന്നും വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്തായിരുന്നെന്നും നേതാക്കൾ ചോദിച്ചു. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്നും കുറ്റപ്പെടുത്തലുണ്ടായി.

‘ശബരിമല’ തിരിച്ചടിയായില്ലെന്ന് എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സിപിഎമ്മിൽ രണ്ടു നിലപാട്. ശബരിമല തിരിച്ചടിയായെന്ന് സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞപ്പോൾ തിരിച്ചടി ആയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് കുറ്റകൃത്യത്തിൽ വ്യക്തത വരാത്തതുകൊണ്ടാണെന്നും എംവി ഗോവിന്ദൻ യോഗത്തില്‍ വിശദീകരിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ, സാങ്കേതിക പിഴവാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് എങ്ങനെ തിരിച്ചടിയാകുമെന്നും എം വി ഗോവിന്ദൻ ചോദിച്ചു

ആര്യാ രാജേന്ദ്രനും വിമർശനം

ആര്യാ രാജേന്ദ്രനെ വിമർശിച്ച് മുൻ മേയറും എംഎൽഎയുമായ വി കെ പ്രശാന്ത്. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. മേയർ ജനകീയമായി പ്രവർത്തിക്കാത്തത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ പോയി ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേടിലാണ് എംഎൽഎമാരെന്ന് യോഗത്തിൽ കെ എ ആൻസലൻ ചൂണ്ടികാട്ടി

എസ് പി ദീപക് സിപിഎം പാർലമെന്ററി പാർ‌ട്ടി നേതാവ്

തിരുവനന്തപുരം കോർപറേഷനിൽ‌ എസ് പി ദീപക് സിപിഎം പാർലമെൻററി പാർട്ടി നേതാവാകും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ശബരിമല’ തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയതയെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

Comments are closed.