റോഡരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല; ലിനു മരണത്തിന് കീഴടങ്ങി| Kochi Roadside Surgery Linu Dies Days After Doctors Performed Emergency Airway Procedure | Kerala


Last Updated:

ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും പിന്നീട് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

ലിനു (ഇടത്), ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും
ലിനു (ഇടത്), ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും

കൊച്ചി ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിനു.

കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും പിന്നീട് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാന്‍ തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു തോമസും ദിദിയയും. ഇതിനിടെയാണ് അപകടം കാണുന്നത്. പരിക്കേറ്റയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ച് പരിചരിക്കുന്നത് തോമസും ദിദിയയും ശ്രദ്ധിച്ചു. ഇതോടെ അയാള്‍ ഡോക്ടറാണെന്ന് ദമ്പതികള്‍ക്ക് മനസിലായി. തുടര്‍ന്ന് ദമ്പതികള്‍ അയാള്‍ക്കരികിലേക്ക് എത്തി.

അപകടത്തില്‍ ലിനുവിന് പുറമേ രണ്ട് പേര്‍ക്കായിരുന്നു പരിക്കേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് സാരമായിരുന്നില്ല. ലിനുവിന്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ഇങ്ങനെയുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം. ഇതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സ്ഥലത്ത് കൂടി നിന്നവരോട് ഗ്ലൗസും ബ്ലേഡും നല്‍കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഗ്ലൗസ് കിട്ടിയില്ല. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് വിനുവിന്റെ കഴുത്തില്‍ ഒരു ദ്വാരമിട്ടു. അതിലൂടെ സ്ട്രോ തിരുകി ശ്വാസം നല്‍കി. സ്ട്രോ തിരുകിയതോടെ വിനു ശ്വാസമെടുക്കാന്‍ തുടങ്ങി.

എന്നാല്‍ പേപ്പര്‍ സ്ട്രോ ആയിരുന്നതിനാല്‍ അത് രക്തത്തില്‍ കുതിരാന്‍ തുടങ്ങി. ഇതോടെ പേപ്പര്‍ സ്ട്രോ മാറ്റി പ്ലാസ്റ്റിക് സ്ട്രോ ഇട്ടു. ശ്വാസതടസം നീങ്ങിയപ്പോഴേക്കും ആംബുലന്‍സ് വന്നിരുന്നു. മനൂപാണ് ലിനുവിനൊപ്പം ആബുലന്‍സില്‍ കയറിയത്. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുംവരെ ആംബുലന്‍സില്‍ മനൂപ് ലിനുവിന് സ്ട്രോയിലൂടെ ശ്വാസം നല്‍കി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും ലിനു മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയ ഡോക്ട‌ർമാരെ ഗവർണർ രാജേന്ദ്ര അർലേക്കർ അഭിനന്ദിച്ചു. മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ചാണ് ഗവർണർ അഭിനന്ദിച്ചത്.

Comments are closed.