Last Updated:
കുറ്റവാളികള്‍ക്ക് പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ
തിരുവനന്തപുരം: അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. പരോൾ അനുവദിക്കാനും പരോൾ നീട്ടി നൽകാനും തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിനു ശേഷമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഇനി സർവീസ് അവസാനിക്കാൻ 4 മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ വിനോദ്കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്യാത്തത് വിവാദമായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജയിൽ ഡിഐജി വിനോദ്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. തുടര്‍ന്നാണ് കേസെടുത്തത്.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്‍റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്‍സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.
അതേസമയം, ജയിൽ ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. വിനോദിനെ സംരക്ഷിക്കാൻ ജയിൽ വകുപ്പ് കൂട്ടുനിന്നതായുള്ള വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഡിഐജിയുടെ ചട്ടം ലംഘിച്ചുള്ള ജയിൽ സന്ദര്‍ശനങ്ങള്‍ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് മധ്യമേഖല മുൻ ഡിഐജി ജയിൽ മേധാവിക്ക് കത്തുകള്‍ നൽകിയിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.