ഭാര്യ ഉഷയ്‌ക്കെതിരെയുള്ള വംശീയ ആക്രമണമങ്ങള്‍ക്കെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് | JD Vance response against racist remarks against wife Usha Vance | World


Last Updated:

ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷാ വാന്‍സിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്

ജെ.ഡി. വാൻസും ഭാര്യ ഉഷയും
ജെ.ഡി. വാൻസും ഭാര്യ ഉഷയും

ഭാര്യയ്ക്കുനേരെയുള്ള വംശീയവും യഹൂദവിരുദ്ധവുമായുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് (J.D. Vance). ഉഷാ വാന്‍സിനു നേരെയുള്ള തീവ്ര വലതുപക്ഷ നിരൂപകനായ നിക് ഫ്യൂന്റസിന്റെയും മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയുടെയും പരാമർശങ്ങൾക്ക് പിന്നാലെയാണ് ജെ.ഡി. വാന്‍സ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയത്.

തന്റെ കുടുംബത്തിനെതിരായ വംശീയ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അണ്‍ഹെര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ ബന്ധം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

“ഞാന്‍ വ്യക്തമായി തന്നെ പറയട്ടെ, എന്റെ ഭാര്യയെ ആശ്രയിക്കുന്ന ആര്‍ക്കും, അവരുടെ പേര് ജെന്‍ സാകിയോ നിക് ഫ്യൂന്റസ് എന്നോ ആകട്ടെ, അവര്‍ക്ക് വിസര്‍ജ്യം കഴിക്കാം. യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അതാണ് എന്റെ ഔദ്യോഗിക നയം”, ജെ.ഡി. വാന്‍സ് പറഞ്ഞു.

വെളുത്തതിന്റെ പേരിലോ കറുത്ത് പോയതുകൊണ്ടോ ജൂതന്മാരായതുകൊണ്ടോ നിങ്ങള്‍ ഒരാളെ ആക്രമിക്കുന്നുണ്ടെങ്കില്‍ അത് വെറുപ്പുളവാക്കുന്ന കാര്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരുടെ പൊതു ജീവിതത്തില്‍ ജൂത വിരുദ്ധതയ്ക്കും വംശീയ വിദ്വേഷത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷാ വാന്‍സിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. യുഎസില്‍ ജനിച്ചുവളര്‍ന്ന ഉഷാ വാന്‍സിനെ ലക്ഷ്യമിട്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ നിക് ഫ്യൂന്റസ് പലതവണ നടത്തിയിട്ടുണ്ട്. തന്റെ വംശീയതയ്ക്ക് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചതിന് ജെ.ഡി. വാന്‍സിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇക്കാരണത്താല്‍ ‘വംശ ദ്രോഹി’യെന്നും ജെ.ഡി. വാന്‍സിനെ നിക് വിളിച്ചു. ഉഷാ വാന്‍സിനെതിരെയും കടുത്ത വംശീയ ഭാഷാ പ്രയോഗങ്ങള്‍ അദ്ദേഹം നടത്തി.

‘ഗ്രോയ്പ്പര്‍’ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഫ്യൂന്റസും അദ്ദേഹത്തിന്റെ അനുയായികളും വളരെക്കാലമായി തന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഓണ്‍ലൈനില്‍ ഉപദ്രവിച്ചിരുന്നതായി ജെ.ഡി. വാന്‍സ് ആരോപിച്ചു. വര്‍ണവെറിയെ എല്ലാ തരത്തിലും എതിര്‍ക്കണമെന്നും നിറമോ വംശമോ നോക്കിയല്ല ആളുകളെ അവരുടെ പ്രവൃത്തിയിലൂടെ വിലയിരുത്തണമെന്നും ജെ.ഡി. വാന്‍സ് അഭിപ്രായപ്പെട്ടു.

ഓണ്‍ലൈനിലൂടെ വിദ്വേഷം പരത്തുന്നവരെ കുറിച്ചല്ല തന്റെ ആശങ്കയെന്നും രാഷ്ട്രീയ അധികാരം വഹിക്കുന്നവരിലാണെന്നും അദ്ദേഹം പറഞ്ഞു. കോളെജ് പ്രവേശനങ്ങളിലും തൊഴിലിടങ്ങളിലുമുള്ള വംശീയ അധിഷ്ഠിത നയങ്ങള്‍ വെള്ളക്കാരായ അമേരിക്കക്കാര്‍ക്കെതിരായ വിവേചനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ജെ.ഡി. വാന്‍സ് അവകാശപ്പെട്ടു.

വെള്ളക്കാരുടെയും ദക്ഷിണേഷ്യക്കാരുടെയും മിശ്രിത പാരമ്പര്യത്തില്‍ ജനിച്ച തന്റെ കുട്ടികള്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്ന ഇത്തരം നയങ്ങളുടെ ഫലമായി വരേണ്യ, വിദ്യാഭ്യാസ പ്രൊഫഷണല്‍ സംവിധാനങ്ങളുടെ പോരായ്മകള്‍ അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു.

Comments are closed.