32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌| Sakibul Gani slams fastest List A ton by Indian‌ powers Bihar to world record score | Sports


Last Updated:

മത്സരത്തിലെ താരം ബിഹാർ നായകൻ സകീബുൽ ഗനിയായിരുന്നു. വെറും 32 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി

സകീബുൽ ഗനി (Image: X)
സകീബുൽ ഗനി (Image: X)

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ ദിനം തന്നെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിച്ച് ബിഹാർ. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ റെക്കോഡുകളുടെ പെരുമഴയാണ് റാഞ്ചിയിൽ പെയ്തിറങ്ങിയത്. 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത ബിഹാർ, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോക റെക്കോഡ് സ്വന്തമാക്കി. 2022ൽ തമിഴ്‌നാട് നേടിയ 506 റൺസിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

റെക്കോഡ് വേഗത്തിൽ സകീബുൽ ഗനി

മത്സരത്തിലെ താരം ബിഹാർ നായകൻ സകീബുൽ ഗനിയായിരുന്നു. വെറും 32 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി. കഴിഞ്ഞ വർഷം 35 പന്തിൽ സെഞ്ചുറി നേടിയ പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങിന്റെ റെക്കോഡാണ് ഗനി മറികടന്നത്. 40 പന്തിൽ 12 സിക്സറുകളും 10 ഫോറുകളുമടക്കം 128 റൺസുമായി ഗനി പുറത്താകാതെ നിന്നു. നേരിട്ട പന്തുകളിൽ 5 എണ്ണം മാത്രമാണ് ഡോട്ട് ബോളുകളായത് എന്നത് താരത്തിന്റെ ബാറ്റിങ് വീര്യം വ്യക്തമാക്കുന്നു.

വൈഭവ് സൂര്യവംശിയുടെ ‘വെടിക്കെട്ട്’

യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയും അരുണാചൽ ബൗളർമാരെ കടന്നാക്രമിച്ചു. 36 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, 84 പന്തിൽ 190 റൺസാണ് അടിച്ചുകൂട്ടിയത്. 15 സിക്സറുകളും 16 ബൗണ്ടറികളുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇവർക്ക് പുറമെ ആയുഷ് ലൊഹാരുകയും ബിഹാറിനായി സെഞ്ചുറി നേടി.

397 റൺസിന്റെ പടുകൂറ്റൻ ജയം

ബിഹാർ ഉയർത്തിയ 574 റൺസ് എന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ അരുണാചൽ പ്രദേശ് പതറി. 177 റൺസിന് എല്ലാവരും പുറത്തായതോടെ ‌397 റൺസിന്റെ വമ്പൻ വിജയമാണ് ബിഹാർ ആഘോഷിച്ചത്. സാധാരണഗതിയിൽ വലിയ സ്ട്രൈക്ക് റേറ്റില്ലാത്ത സകീബുൽ ഗനിയുടെ ഈ വിശ്വരൂപം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Comments are closed.