Last Updated:
മുഖ്യമന്ത്രിയോട് സംസാരിക്കാൻ വി വി രാജേഷാണ് വെള്ളിയാഴ്ച രാവിലെ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രിയോട് സംസാരിക്കാൻ വി വി രാജേഷാണ് വെള്ളിയാഴ്ച രാവിലെ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചതെന്നും എന്നാൽ ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിക്കുകയുമായിരുന്നു. ഇതിനി ശേഷം മുഖ്യമന്ത്രി വന്നപ്പോൾ പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പിൽ പറയുന്നു.
താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നതരത്തിലാണ് വാർത്തകൾ പ്രചരിച്ചതെന്നും ഇത് തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്നും കുറിപ്പിൽ പറയുന്നു.
ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.
വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
Thiruvananthapuram,Kerala

Comments are closed.