Last Updated:
നിരന്തരമായ ചാറ്റിങ്ങിലൂടെയാണ് തട്ടിപ്പ് സംഘം യുവാവുമായി സൗഹൃദം സ്ഥാപിച്ചത്
ആര്യങ്കോട്: ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് പണം കവർന്ന കേസിൽ ആറ് പേർ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെയാണ് (40) സംഘം തട്ടിപ്പിനിരയാക്കിയത്. സംഭവത്തിൽ ആര്യങ്കോട് സ്വദേശികളായ നിധിൻ (24), സഹോദരൻ നിധീഷ് (25), ശ്രീജിത്ത് (24), അഖിൽ (26) എന്നിവരെയും രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച ശേഷം നിരന്തരമായ ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി സൗഹൃദം സ്ഥാപിച്ചത്.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ 22-ന് മഹേഷിനെ സംഘം ആര്യങ്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുവെച്ച് മർദ്ദിച്ച സംഘം യുവാവിന്റെ കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും സംഘം ബലമായി കൈക്കലാക്കി. കാർഡിന്റെ പിൻ നമ്പർ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ ശേഷം അക്കൗണ്ടിൽ നിന്ന് 21,500 രൂപ സംഘം പിൻവലിച്ചു. മർദ്ദനത്തിന് പിന്നാലെ മഹേഷിനോട് രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒരു ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മഹേഷിന്റെ കൈവശം കൂടുതൽ പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ അക്രമികൾ ഇയാളെ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് വഴിതെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടുത്തെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. സാരമായി പരിക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നൽകിയ വിവരത്തെ തുടർന്ന് ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായ നിധിൻ, നിധീഷ് എന്നീ സഹോദരന്മാരുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈലിലൂടെ കൊല്ലം സ്വദേശിയെ വരുത്തി മർദ്ദിച്ച് പണം കവർന്ന ആറംഗസംഘം പിടിയിൽ

Comments are closed.