‘140 കോടി ഉപയോക്താക്കളിലേക്ക് തുറക്കുന്ന വാതില്‍’; ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി | World


Last Updated:

140 കോടി ഉപയോക്താക്കളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് പ്രവേശനം തുറന്ന് ലഭിക്കുന്ന ഒരു പ്രധാന സാമ്പത്തിക മുന്നേറ്റമാണ് കരാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍

ഇന്ത്യയുമായി അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ(എഫ്ടിഎ) പ്രശംസിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. ഇരുരാജ്യങ്ങളുടെയും ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാര്‍ ന്യൂസിലന്‍ഡില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, ഉയര്‍ന്ന വരുമാനം, ശക്തമായ കയറ്റുമതി വളര്‍ച്ച എന്നിവയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ടേമില്‍ തന്നെ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഉറപ്പാക്കുമെന്ന തന്റെ സര്‍ക്കാരിന്റെ വാഗ്ദാനം പാലിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ലക്‌സണ്‍ പറഞ്ഞു. 140 കോടി ഉപയോക്താക്കളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് പ്രവേശനം തുറന്ന് ലഭിക്കുന്ന ഒരു പ്രധാന സാമ്പത്തിക മുന്നേറ്റമാണ് കരാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“ഞങ്ങളുടെ ആദ്യ ടേമില്‍ തന്നെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്വന്തമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ഞങ്ങള്‍ സ്വന്തമാക്കി. 140 കോടി ഇന്ത്യന്‍ ഉപയോക്താക്കലേക്ക് വാതില്‍ തുറക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍, ഉയര്‍ന്ന വരുമാനം, കൂടുതല്‍ കയറ്റുമതി എന്നിവ സാധ്യമാകുമെന്ന് ഈ കരാര്‍ അര്‍ത്ഥമാക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ന്യൂസിലന്‍ഡ് വ്യാപാര കരാര്‍

ഈ വര്‍ഷം ഡിസംബറിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും എഫ്ടിഎയ്ക്കുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. ഇത് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ ചര്‍ച്ച ചെയ്ത വ്യാപാര കരാറുകളില്‍ ഒന്നായി മാറി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ലക്‌സണ്‍ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ സമയമാണ് സ്വതന്ത്ര വ്യാപാര  കരാറിനുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വളരുന്നതിന്റെയും ദീര്‍ഘകാല വളര്‍ച്ചയില്‍ പൊതുവായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും സൂചനയാണ് ഈ കരാര്‍ എന്ന് വിലയിരുത്തപ്പെടുന്നു.

ഈ കരാര്‍ പ്രകാരം ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യയുടെ എല്ലാ കയറ്റുമതിക്കും നികുതി ഈടാക്കുകയില്ല. ഇത് തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ ഉൾപ്പെടുന്ന ഇന്ത്യന്‍ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പകരമായി ഇന്ത്യ അതിന്റെ താരിഫില്‍ 70 ശതമാനവും ഘട്ടം ഘട്ടമായി തീരുവ ഇളവുകളും വാഗ്ദാനം ചെയ്യുന്നു. ഇതിൽ ന്യൂസിലന്‍ഡിന്റെ കയറ്റുമതിയുടെ ഏകദേശം 95 ശതമാനവും ഉള്‍ക്കൊള്ളുന്നു. ഇതിലൂടെ ന്യൂസിലന്‍ഡ് ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച്, കാര്‍ഷിക ഉത്പ്പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കരണം എന്നിവയ്ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ 20 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തും. ഇതാണ് കരാറിന്റെ പ്രധാന സവിശേഷത. യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്റെ സമീപനത്തിന് സമാനമായ മാതൃകയാണ് ഈ നിക്ഷേപ ചട്ടക്കൂടും പിന്തുടരുന്നത്.

ഉത്പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, നവീകരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലായിരിക്കും ഈ നിക്ഷേപങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നു. ഇതിനൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നില്‍ ദീര്‍ഘകാല അവസരങ്ങള്‍ തേടുന്ന ന്യൂസിലന്‍ഡ് കമ്പനികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

‘140 കോടി ഉപയോക്താക്കളിലേക്ക് തുറക്കുന്ന വാതില്‍’; ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

Comments are closed.