ആലപ്പുഴയിൽ എട്ട്, തലസ്ഥാനത്ത് അഞ്ച്; കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി BJP takes power in 30 gram panchayats in Kerala | Kerala


Last Updated:

കാസർഗോഡ് 5 പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ വന്നു

News18
News18

ആലപ്പുഴയിൽ എട്ടും, തലസ്ഥാനമായ തിരുവനന്തപുരത്തും കാസർഗോഡും അഞ്ചും അടക്കം കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട്, തിരുവൻവണ്ടൂർ, ആലാ, ബുധനൂർ, ചെന്നിത്തല എന്നീവിടങ്ങളിലും കാർത്തികപ്പള്ളി, ചേന്നം പള്ളിപ്പുറം,നീലംപേരൂർ എന്നീ പഞ്ചായത്തുകളിലുമാണ് ബിജെപി അധികാരത്തിലെത്തിയത്. ഇതിൽ ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടിയത്.ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ മുഖ്യ പ്രതിപക്ഷവും ബി.ജെ.പിയാണ്.

തിരുവനന്തപുരത്തെ അതിയന്നൂർ, അഴൂർ, വിളപ്പിൽ, മാറനല്ലൂർ, മുദാക്കൽ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചത്. അഞ്ച് പഞ്ചായത്തിലും പ്രസിഡൻ്റുമാർ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.ആഴൂർ, വിളപ്പിൽ, മുദാക്കൽ, മാറനല്ലൂർ എന്നീ പഞ്ചായത്തുകളിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്. അതിയന്നൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് ഭരണം ബി.ജെ.പിക്ക് ലഭിച്ചത്

കാസര്‍കോട് ജില്ലയിലെ മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. മധൂര്‍ പഞ്ചായത്ത് രൂപീകരിച്ചതു മുതൽ ബിജെപിക്കാണ് ഇവിടെ ഭരണം.

പത്തനംതിട്ടയിൽ കുറ്റൂർ, നാരങ്ങാനം, പന്തളം തെക്കേക്കര, ഓമല്ലൂർ എന്നിവിടങ്ങളിലും കോട്ടയത്ത് കിടങ്ങൂർ, അയ്മനം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലും ബിജെപി ഭരണം പിടിച്ചു. തൃശ്ശൂരിൽ പാറളം, തിരുവില്വാമല എന്നിവിടങ്ങളിലും പാലക്കാട് പുതൂർ, അകത്തേത്തറ എന്നിവിടങ്ങളിലും ബിജെപി അധികാരത്തിൽ വന്നു. കൊല്ലത്ത് നെടുവത്തൂർ പഞ്ചായത്തിൽ മാത്രമാണ് ബിജെപിക്ക് അധികാരം പിടിക്കാൻ ആയത്. കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്

Comments are closed.