Last Updated:
സ്കൂളിൽ പോയിരുന്ന പെൺകുട്ടികളെ പ്രതി നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്തിരുന്നു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11 വയസ്സുകാരിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവ്. വർക്കല മുത്താന സ്വദേശിയായ ഗിരീഷിനെയാണ് (43) തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
2011 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ പോയിരുന്ന പെൺകുട്ടികളെ ഗിരീഷ് നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്തിരുന്നു. കുട്ടികളുടെ മാതാവ് നൽകിയ പരാതിയെത്തുടർന്ന് വർക്കല പോലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇതിലുള്ള വിരോധം തീർക്കാനാണ് ഗിരീഷ് കുട്ടികളുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദനം നടത്തിയത്.
പ്രതിയുടെ ക്രൂരമായ ആക്രമണത്തിൽ 11 വയസ്സുകാരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയും വിദഗ്ദ്ധ ചികിത്സയും നൽകിയതിനെത്തുടർന്നാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. സ്വന്തം മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടിൽക്കയറി ആക്രമിച്ച പ്രതി ഒരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Dec 28, 2025 10:36 AM IST

Comments are closed.