മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് നിര്യാതനായി | Journalist Mathew A Thomas passes away | Kerala


Last Updated:

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടന്റും തിരുവനന്തപുരം, കോട്ടയം ബ്യൂറോ ചീഫുമായിരുന്നു

മാത്യു എ. തോമസ്
മാത്യു എ. തോമസ്

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ കൊല്ലം പുനലൂർ കുതിരച്ചിറ ആവിയോട്ട് വീട്ടിൽ മാത്യു എ. തോമസ് (60) നിര്യാതനായി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടന്റും തിരുവനന്തപുരം, കോട്ടയം ബ്യൂറോ ചീഫുമായിരുന്നു. മലയാള മനോരമയിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.

കുടുംബാംഗങ്ങൾ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു പുനലൂരിലെ വീട്ടിൽ അന്ത്യം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കുടുംബസമേതം കഴിഞ്ഞ ദിവസം ഭാര്യയുടെ മാവേലിക്കരയിലെ കുടുംബവീട്ടിൽ പോയ മാത്യു വെള്ളിയാഴ്ച രാത്രി തനിച്ച് പുനലൂരിലെ വീട്ടിൽ മടങ്ങിയെത്തി. ശനിയാഴ്ച രാവിലെ ഭാര്യ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് അയൽവാസികളെ അറിയിച്ചു. അവർ വന്ന് നോക്കിയപ്പോൾ ഹാളിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സൂചന.

സംസ്കാരം ബുധനാഴ്ച 11 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം. ഭാര്യ: ജോബി മാത്യു, മകൻ: കിരൺ തോമസ് മാത്യു.

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസിൻ്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.

വർഷങ്ങളായുള്ള ആത്മബന്ധം മാത്യുവുമായി എനിക്കുണ്ടായിരുന്നു. മാധ്യമ പ്രവർത്തകൻ എന്നതിനേക്കാൾ എന്നും കാണാറും വിളിക്കാറുമുള്ള ഉറ്റ സുഹൃത്തായിരുന്നു മാത്യു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Summary: Senior journalist and former Chief of Bureau, The New Indian Express, Mathew A. Thomas passes away

Comments are closed.