Last Updated:
ബിജെപിയുമായി ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കുമരകത്ത് നടന്നതെന്നുമാണ് സിപിഎം ആരോപിക്കുന്നത്
കുമരകം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫ് സ്വതന്ത്രന് വോട്ട് ചെയ്ത മൂന്ന് ബിജെപി അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പി.കെ. സേതു, സുനീത് വി.കെ., നീതു റെജി എന്നിവർക്കെതിരെയാണ് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
നാടകീയമായ നീക്കങ്ങൾക്കൊടുവിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തതാണ് കുമരകത്ത് എൽഡിഎഫിന് ഭരണം നഷ്ടമാകാൻ കാരണമായത്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിനും എൽഡിഎഫിനും എട്ട് വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ ഇരുമുന്നണികളും തുല്യനിലയിലായതിനെ തുടർന്ന് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ കെ.എസ്. സലിമോനെ പരാജയപ്പെടുത്തി എ.പി. ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ ഭരണത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അംഗങ്ങൾക്കെതിരെ പാർട്ടി ഉടനടി കർശന നടപടി സ്വീകരിച്ചത്.
ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഗോപി വിജയിച്ചതെന്ന സിപിഎം ആരോപണം അദ്ദേഹം നിഷേധിച്ചു. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും ബിജെപിയുടെ പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.പി. ഗോപി യുഡിഎഫ് സ്വതന്ത്രനായാണ് ജയിച്ചതെന്നും ബിജെപിയുമായി ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കുമരകത്ത് നടന്നതെന്നുമാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ ഗോപി സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും ബിജെപിയുമായി ധാരണയില്ലെന്നുമാണ് കോൺഗ്രസ് ഇതിന് നൽകുന്ന മറുപടി. എ.പി. ഗോപി മുൻപ് പത്ത് വർഷം സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമായിരുന്നു. പാർട്ടി പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം വിജയിച്ചത്.
ബിജെപി അംഗങ്ങളുടെ വോട്ട് ലഭിച്ചതോടെ യുഡിഎഫിനും എൽഡിഎഫിനും എട്ട് വോട്ടുകൾ വീതം ലഭിക്കുകയും നറുക്കെടുപ്പിലൂടെ എ.പി. ഗോപി വിജയിക്കുകയുമായിരുന്നു. സിപിഎമ്മിലെ കെ.എസ്. സലിമോനാണ് പരാജയപ്പെട്ടത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് മൂന്ന് അംഗങ്ങളെ ബിജെപി പുറത്താക്കിയെങ്കിലും, 55 വർഷം സിപിഎം കൈവശം വെച്ചിരുന്ന ഭരണം നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയായി.
Kottayam,Kerala
വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്തു; CPM-ന് 55 വർഷത്തിന് ശേഷം ഭരണനഷ്ടം; ബിജെപി മൂന്ന് അംഗങ്ങളെ പുറത്താക്കി

Comments are closed.