കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് Elon Musk Slams Canadas Healthcare After the death of a Malayali man who was delayed in receiving treatment | World


Last Updated:

കാനഡയുടെ ആരോഗ്യ സംവിധാനത്തെ യുഎസിലെ മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യം ചെയ്താണ് മസ്‌ക് വിമര്‍ശിച്ചത്

News18
News18

ഹൃദയാഘാതത്തിനെ തുടര്‍ന്ന് എട്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം മലയാളി ചികിത്സ കിട്ടാന്‍ വൈകി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ടെക് കോടീശ്വരൻ ഇലോണ്‍ മസ്‌ക്. കാനഡയുടെ ആരോഗ്യ സംവിധാനത്തെ യുഎസിലെ മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യം ചെയ്താണ് മസ്‌ക് വിമര്‍ശിച്ചത്. കാര്യക്ഷമതയില്ലായ്മയ്ക്ക് കുപ്രസിദ്ധി നേടിയതാണ് യുഎസിലെ മോട്ടോര്‍ വാഹന വകുപ്പ്. ”സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്പോള്‍ അത് ഡി.എം.വി.(മോട്ടോര്‍ വാഹന വകുപ്പ്) പോലെയാണ്,” എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് പറഞ്ഞു.

ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മലയാളിയായ പ്രശാന്ത് ശ്രീകുമാറിനെ(44) തെക്കു കിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചത്. ഒരു ക്ലയന്റാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തിയ അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തു. ഇതിന് ശേഷം ടൈലനോള്‍ എന്ന മരുന്നു നല്‍കി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രശാന്തിന് തുടര്‍ന്നും കഠിനമായ വേദന അനുഭവപ്പെടുകയും അക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ പ്രശ്‌നമൊന്നുമില്ലെന്ന് അവർ പറഞ്ഞതെന്ന് ആരോപിക്കപ്പെടുന്നു.

എട്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷം അടിയന്തര ചികിത്സ നല്‍കാന്‍ പ്രശാന്തിനെ ഡോക്ടര്‍മാര്‍ വിളിച്ചു. എന്നാല്‍ ചികിത്സയ്ക്കായി ഇരുന്ന ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. നഴ്‌സുമാര്‍ ഉടന്‍ തന്നെ ജീവന്‍ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടിയെങ്കിലും അദ്ദേഹം മരിച്ചു. പിതാവും ഭാര്യയും മൂന്ന്, പത്ത്, 14 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളും നോക്കി നില്‍ക്കെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായതായി ആരോപിച്ച് പ്രശാന്തിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ലോക ശ്രദ്ധ നേടിയിരുന്നു.

നെഞ്ചുവേദനയുമായി ഗ്രേ നണ്‍സ് കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിയ പ്രശാന്തിനെ ദീര്‍ഘനേരം കാത്തിരുത്തിയതും നിശ്ചിതസമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ നിഹാരിക ശ്രീകുമാര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ മൃതദേഹത്തിന്റെ അടുത്തു നിന്ന് സംസാരിക്കുന്ന നിഹാരികയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

കേന്ദ്ര വിദേശകാര്യമന്ത്രാലയം സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിനോട് ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. മരിച്ച പ്രശാന്ത് ശ്രീകുമാര്‍ ഇന്ത്യന്‍ വംശജനാണെങ്കിലും അദ്ദേഹം ഒരു കനേഡിയന്‍ പൗരനാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ”മരിച്ചയാള്‍ ഇന്ത്യന്‍ വംശജനാണെങ്കിലും ഒരു കനേഡിയന്‍ പൗരനാണ്. ഈ സംഭവത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം,” കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Comments are closed.