നിലമ്പൂർ വന മേഖലയോട് ചേർന്നുള്ള പുഴയിൽ സ്വർണ ഖനനം നടത്തിയ 7 പേർ പിടിയിൽ 7 people arrested for gold mining in a river adjacent to Nilambur forest area | Crime


Last Updated:

ഡിഎഫ്ഓയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

News18
News18

നിലമ്പൂർ വന മേഖലയോട് ചേർന്നുള്ള പുഴയോരത്ത് നിന്നും സ്വർണ ഖനനം നടത്തിയ ഏഴു പേരെ വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടി.മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ, ഷമീം , സുന്ദരൻ എന്നിവരാണ് പിടിയിലായത്.

നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്.ചാലിയാറിൽ സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന പ്രതീക്ഷയിൽ ആദിവാസികൾ അടിത്തട്ടിലെ മണലും ചളിയും അരിപ്പ കൊണ്ട് അരിച്ച് സ്വർണ്ണം എടുക്കുന്നത് ഇവിടെ സാധാരണമാണ്.

എന്നാൽ സ്വർണ്ണത്തിൻറെ വില ഉയർന്നപ്പോൾ കൂടുതൽ സ്വർണം കണ്ടെത്താൻ മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് പ്രതികൾ വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്.നിലമ്പൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിര വല്ലികാവ് മേഖലയിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. വനത്തിലാണ് മോട്ടോറും മറ്റ് സംവിധാനങ്ങളും പിടിയിലായവർ സൂക്ഷിച്ചിരുന്നത്.

ഡിഎഫ്ഓയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇവർ പിടിയിലായത്. മോട്ടോറും സ്വർണ്ണം അരിച്ചെടുക്കാനുള്ള അരിപ്പകളും മറ്റും ഇവരിൽനിന്ന് പിടിച്ചെടുത്തു. വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ഇവർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. സ്വർണ്ണവില ഉയർന്നതോടെ ചാലിയാറിന്റെ പല മേഖലകളിലും സമാനമായ രീതിയിൽ മണലൂറ്റും സ്വർണം അരിച്ചെടുക്കലും നടക്കുന്നുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.

Comments are closed.