Last Updated:
സെൻഗാറിന്റെ ശിക്ഷ റദ്ദാക്കിയ ഡിസംബർ 23 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്
ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സെൻഗാറിന്റെ ശിക്ഷ റദ്ദാക്കിയ ഡിസംബർ 23 ലെ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
നിയമപരമായ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിമാർ മികച്ചവരാണെങ്കിലും നാമെല്ലാവരും തെറ്റുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ബെഞ്ച് കേസ് പുനഃപരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.
സെൻഗാറിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച്, മുൻ എംഎൽഎയോട് നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെടുകയും കേസ് ജനുവരി അവസാന വാരത്തിലേക്ക് വാദം കേൾക്കാൻ മാറ്റുകയും ചെയ്തു.സിബിഐയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സെൻഗാറിനെ പ്രതിനിധീകരിച്ച് സിദ്ധാർത്ഥ് ദവെ, ഹരിഹരൻ എന്നിവരുൾപ്പെടെ മുതിർന്ന അഭിഭാഷകർ ഹാജരായി.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ചാം വകുപ്പ് (സി) പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവാണ് വിചാരണക്കോടതി നേരത്തെ കുൽദീപ് സിംഗ് സേംഗറിന് വിധിച്ചിരുന്നത്. പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. എന്നാൽ, സിറ്റിങ് എം.എൽ.എ ആയ സേംഗർ ‘പൊതുസേവകൻ’ എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി, പകരം നിയമത്തിലെ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമാകുക എന്ന് വ്യക്തമാക്കി.സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവർഷം തടവാണ്. സേംഗർ ഇതിനോടകം ഏഴുവർഷവും അഞ്ച് മാസവും ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്ന വസ്തുത പരിഗണിച്ചാണ് കോടതി ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം നൽകിയത്. ശിക്ഷ മരവിപ്പിച്ചെങ്കിലും ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സെൻഗാർ ജയിലിൽ കഴിയുകയാണ്.
New Delhi,New Delhi,Delhi
ഉന്നാവോ കേസ്: ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി; സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

Comments are closed.