ആരവല്ലി മലനിരകളിൽ‌ ഖനനം നിര്‍ത്തുമോ അതോ തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി| Aravalli Mining Supreme Court Asks Centre to Clarify Stance on Continuing or Stopping Operations | India


നവംബർ 20ലെ ഉത്തരവ് 

കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ആരവല്ലി മലനിരകളുടെയും കുന്നുകളുടെയും ഏകീകൃത നിര്‍വചനം അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു സുപ്രീം കോടതി നവംബര്‍ 20ന് ഇറക്കിയ ഉത്തരവ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി വ്യാപിച്ചുക്കിടക്കുന്ന ആരവല്ലി മേഖലകളില്‍ പുതിയ ഖനന പാട്ടങ്ങള്‍ നല്‍കുന്നത് സുപ്രീം കോടതി അന്നത്തെ ഉത്തരവിലൂടെ നിരോധിക്കുകയും ചെയ്തിരുന്നു.

ഇത് മേഖലയില്‍ അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളിലേക്കും പരിസ്ഥിതിനശീകരണത്തിലേക്കും നയിക്കുമെന്ന തരത്തിലുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും പരിസ്ഥിതി സംരക്ഷകരില്‍ നിന്ന് കടുത്ത പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

വ്യക്തത വേണമെന്ന് മൂന്നംഗ ബെഞ്ച്

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനത്തില്‍ വ്യക്തത വേണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചില ചോദ്യങ്ങളും ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്.

പുതിയ നിര്‍വചനത്തിനു കീഴില്‍ ആരവല്ലി മലനിരകളില്‍ ഖനനം നിര്‍ത്തുമോ അതോ തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമായി പ്രസ്താവിക്കണമെന്നും അതിന്റെ യുക്തി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ മാസം വിഷയത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

“ഈ കോടതിയുടെ ഒരു റിപ്പോര്‍ട്ട് അല്ലെങ്കില്‍ ഒരു നിര്‍ദ്ദേശം നടപ്പാക്കുന്നതിനു മുമ്പ് നീതിയുക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം കൂടി പരിഗണിക്കണം. വിഷയത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് അത്തരമൊരു നടപടി ആവശ്യമാണ്”, അദ്ദേഹം പറഞ്ഞു.

ഉന്നതാധികാര വിദഗ്ധ  പാനല്‍ രൂപീകരിക്കണം

പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രാലയത്തിനു കീഴിലുള്ള കമ്മിറ്റി ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര വിദഗ്ദ്ധ പാനല്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ പ്രക്രിയയില്‍ പൊതുജനാഭിപ്രായം ഉള്‍പ്പെടുത്തുമെന്നും കോടതി പറഞ്ഞു. അഞ്ച് ചോദ്യങ്ങളും വിഷയത്തില്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ആരവല്ലിയുടെ പുതിയ നിര്‍വചനത്തില്‍ 500 മീറ്റര്‍ വിസ്തൃതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് സംരക്ഷണ മേഖലയുടെ വ്യാപ്തി കുറയാന്‍ കാരണമാകുന്നുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയന്ത്രിത ഖനനം അനുവദിക്കാന്‍ കഴിയുന്ന ആരവല്ലി ഇതര പ്രദേശങ്ങളുടെ വ്യാപ്തി പുതിയ നിര്‍വചനത്തില്‍ കൂട്ടിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.

100  മീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള 700 മീറ്റര്‍ അകലത്തിലുള്ള രണ്ട് കുന്നിന്‍ പ്രദേശങ്ങള്‍ക്കിടയില്‍ നിയന്ത്രിത ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ആരവല്ലി മലനിരകളുടെ പാരിസ്ഥിതിക തുടര്‍ച്ച എങ്ങനെ നിലനിര്‍ത്തും എന്നതിലും കോടതി ആശങ്ക അറിയിച്ചു. പര്‍വതനിരകളുടെ ഘടനാപരമായ തുടര്‍ച്ച ഉറപ്പാക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ ഉപയോഗിക്കുമെന്നും കോടതി ചോദിച്ചു. ഇതിന് സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാകില്ലേയെന്നും കോടതി ചോദിച്ചിട്ടുണ്ട്.

ഈ ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും ബാധിക്കപ്പെട്ട എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. നവംബര്‍ 20-ലെ ഉത്തരവും സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി ശുപാര്‍ശകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതു വരെ സ്റ്റേ പ്രാബല്യത്തില്‍ തുടരും. 2026 ജനുവരി 21ന് വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

ആരവല്ലി മലനിരകളിൽ‌ ഖനനം നിര്‍ത്തുമോ അതോ തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

Comments are closed.