ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് | Kerala muslim jamaat demands bifurcation of Malappuram district as population crosses 4.7 million | Kerala


Last Updated:

എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്

News18
News18

മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും സജീവമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി.

മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു.

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ കീഴിലൊന്ന് മലപ്പുറം ജില്ലയിലാണ്.

കേരളത്തിലെ മറ്റു പല ജില്ലകളിലും ശരാശരി എട്ട് മുതൽ 12 ലക്ഷം വരെ മാത്രം ജനസംഖ്യയുള്ളപ്പോൾ മലപ്പുറത്ത് അതിന്റെ നാലിരട്ടിയോളം ആളുകളുണ്ട് എന്നത് വിഭജനം ആവശ്യപ്പെടുന്നവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ ജനസംഖ്യ ഇനിയും വർധിക്കും. ഇത്രയും വലിയൊരു ജനവിഭാഗത്തിലേക്ക് എത്തുന്ന ഫണ്ടുകൾ വേണ്ടവിധം വിനിയോഗിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.

മലപ്പുറത്തിന് പുറമെ മൂവാറ്റുപുഴ കേന്ദ്രീകരിച്ചും തിരുവനന്തപുരം ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചും പുതിയ ജില്ലകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മലപ്പുറത്തെ വിഭജന വാദത്തിന് ഏറെ വർഷത്തെ പഴക്കമുണ്ട്.

തിരൂർ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് കുറുക്കോളി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടത്. യുഡിഎഫ് അംഗമായ പി വി അൻവർ ഈ നീക്കങ്ങൾ കൂടുതൽ സജീവമാക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതിനായി പ്രമേയം പാസാക്കിയിരുന്നു. കൂടാതെ എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

കേരള മുസ്ലിം ജമാഅത്തിന്റെ ‘കേരള യാത്ര’ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നു. നിലവിൽ തിരൂർ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രി, സബ് കളക്ടർ ഓഫീസ്, ആർഡിഒ, വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നുണ്ട് എന്നത് പുതിയ ജില്ലാ രൂപീകരണ നടപടികൾക്ക് വേഗം കൂട്ടുമെന്നും വിലയിരുത്തപ്പെടുന്നു.

Comments are closed.