Last Updated:
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
ഇടുക്കി: തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് കോടതി 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോതമംഗലം കവളങ്ങാട് കല്ലിങ്കൽ സ്വദേശി ഷിബു ആന്റണിയെയാണ് (42) തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത ശാന്തൻപാറ സ്വദേശിനിയായ യുവതിയെ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. യുവതിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ഇയാൾ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നും സംരക്ഷിക്കാമെന്നും വീട്ടുകാരെയും അതിജീവിതയെയും വിശ്വസിപ്പിച്ച് ഇയാൾ ഒപ്പം നിന്നു. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം പണവുമായി വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
പിന്നീട് ഒളിവിൽ പോയ പ്രതിയെ 2014 ഫെബ്രുവരിയിൽ അമ്മയെ കാണാൻ നാട്ടിലെത്തിയപ്പോഴാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ വേളയിൽ അതിജീവിതയുടെ മൊഴിയും സംഭവത്തിൽ ഇടപെട്ട സാമൂഹ്യപ്രവർത്തകയായ അങ്കണവാടി ജീവനക്കാരിയുടെ മൊഴിയും പ്രതിക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി. ശാന്തൻപാറ എസ്എച്ച്ഒമാരായ ടി.എ. യൂനുസ്, സി.ആർ. പ്രമോദ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് കോടതിയിൽ ഹാജരായി.

Comments are closed.