Last Updated:
നെതന്യാഹുവിനെ ഒരു യുദ്ധകാല നായകൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്
ഫ്ലോറിഡ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിന്റെ നേതൃത്വമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രയേൽ എന്ന രാജ്യം ഇന്ന് നിലനിൽക്കുമായിരുന്നില്ല എന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ട്രംപിന്റെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിൽ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ പരാമർശം. ഗാസയിൽ യുദ്ധം തുടരുകയും മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഗാസയിലെ സമാധാന ചർച്ചകൾ, ഇറാൻ ഭീഷണി തുടങ്ങിയ നിർണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.
നെതന്യാഹുവിനെ ഒരു യുദ്ധകാല നായകൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നെതന്യാഹു ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണെങ്കിലും ഇസ്രായേലിന് ഇപ്പോൾ വേണ്ടത് അത്തരമൊരു കരുത്തനായ നേതാവിനെയാണെന്ന് ട്രംപ് പറഞ്ഞു. നിലവിൽ അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പ് നൽകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.
തന്റെ പ്രസംഗത്തിനിടെ ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. ആണവ മോഹങ്ങളുമായി മുന്നോട്ട് പോകാനുള്ള ഇറാന്റെ ഏതൊരു ശ്രമവും അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാൻ വീണ്ടും ശ്രമിച്ചാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഇറാന്റെ ആണവ പദ്ധതികളോടുള്ള തന്റെ കടുത്ത നിലപാട് വ്യക്തമാക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
വർഷാവസാനത്തോടെ വിദേശനയങ്ങളിൽ ട്രംപ് നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ട്രംപിന്റെ മാർ-എ-ലാഗോ വസതി സന്ദർശിക്കുന്ന രണ്ടാമത്തെ വിദേശ നേതാവാണ് നെതന്യാഹു. ചർച്ചയ്ക്ക് മുന്നോടിയായി നെതന്യാഹുവുമായി അഞ്ച് പ്രധാന വിഷയങ്ങൾ സംസാരിക്കാൻ പദ്ധതിയുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടിക്കാഴ്ച ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അതിൽ മൂന്ന് കാര്യങ്ങളിൽ പുരോഗതി ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.
ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം നേതാക്കൾ പുറത്തെത്തിയെങ്കിലും പുതിയ കരാറുകളോ സുപ്രധാന തീരുമാനങ്ങളോ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല. കൃത്യമായ നയപ്രഖ്യാപനങ്ങൾക്ക് പകരം, ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധവും രാഷ്ട്രീയപരമായ ഐക്യവും പ്രകടമാക്കുന്ന രീതിയിലുള്ള പുകഴ്ത്തലുകളാണ് കൂടിക്കാഴ്ചയിൽ ഉടനീളം കണ്ടത്. പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, ചർച്ചകൾ തുടരുകയാണെന്നും വെസ്റ്റ് ബാങ്ക് പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങളിൽ പോലും ഉടൻ തന്നെ ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ വെച്ച് ഇസ്രായേലിന് ഇതിലും ശക്തനായ ഒരു സഖ്യകക്ഷി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ ട്രംപ് എപ്പോഴും ഇസ്രായേലിനൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിഷയങ്ങളിലും തങ്ങൾ രണ്ടുപേരും യോജിക്കുന്നില്ലെന്ന് തുറന്നു സമ്മതിച്ച നെതന്യാഹു, അഭിപ്രായ വ്യത്യാസങ്ങളെ ചർച്ചകളിലൂടെ പരിഹരിച്ച ചരിത്രമാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, ട്രംപിന്റെ നേതൃത്വവും ഇസ്രായേലിന് അദ്ദേഹം നൽകുന്ന പിന്തുണയും സമാനതകളില്ലാത്തതാണെന്ന് നെതന്യാഹു കുറിച്ചു. “വെല്ലുവിളികൾ നിറഞ്ഞ നിമിഷങ്ങളിലാണ് യഥാർത്ഥ സൗഹൃദം തെളിയുന്നത്. ഓരോ ഘട്ടത്തിലും പ്രസിഡന്റ് ട്രംപ് ഇസ്രായേലിനൊപ്പം നിന്നു,” എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
ട്രംപ് അധികാരമേറ്റ ശേഷം നെതന്യാഹുവുമായി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത കൊണ്ടുവരാനുമുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
New Delhi,New Delhi,Delhi
‘നെതന്യാഹു ഇല്ലായിരുന്നെങ്കിൽ ഇസ്രായേൽ ഉണ്ടാകില്ലായിരുന്നു’; ഇസ്രായേൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ട്രംപ്

Comments are closed.