രാജ്യരഹസ്യം നൽകാത്തതിന് ബ്രിട്ടീഷുകാർ സ്തനങ്ങൾ മുറിച്ച ഇന്ത്യയുടെ ആദ്യ ചാരവനിത നീര ആര്യയുടെ കഥ ‘ആസാദ് ഭാരത്’|Women warriors of India’s freedom movement story of Neera Arya Azad Bharath | India


ഇന്ത്യയുടെ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ആദ്യത്തെ ചാര വനിതയായി വാഴ്ത്തപ്പെട്ട ധീരയായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നീര ആര്യയുടെ അധ്യായത്തെ പുനരാവിഷ്‌കരിക്കുകയാണ് ‘ആസാദ് ഭാരത്’ എന്ന ഹിന്ദി ചിത്രം.

ആരാണ് നീര ആര്യ ?

കൊളോണിയല്‍ ശക്തികളെ നിശബ്ദമായി സ്വീകരിക്കുന്നതിനു പകരം ചെറുത്തുനില്‍പ്പിലൂടെ സധൈര്യം നേരിടാന്‍ മുന്നോട്ടുവന്ന ധീര വനിതയാണ് നീര ആര്യ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐഎന്‍എ) റാണി ഓഫ് ഝാന്‍സി റെജിമെന്റിന്റെ ഭാഗമായി അവർ സേവനമനുഷ്ഠിച്ചു. 1902 മാർച്ച് 5 ന് ഉത്തർപ്രദേശിലെ ഒരു സമ്പന്ന കുടുംബത്തിലാണ് അവർ ജനിച്ചത്.

റോയും ഐബിയുമെല്ലാം തങ്ങളുടെ ബുദ്ധിശക്തിയും ദൗത്യ നിര്‍വഹണവും ഉപയോഗിച്ച് രാജ്യത്തെ സംരക്ഷിക്കുന്നതിന് വളരെ മുമ്പ് തന്നെ നീര ആര്യ ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് മാതൃരാജ്യത്തിനായി രഹസ്യ ദൗത്യങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്തു. ഇന്റലിജന്‍സും ഉപഗ്രഹങ്ങളും വരുന്നതിന് വളരെ മുമ്പുതന്നെ ആര്യ കോഡഡ് മെസേജിംഗില്‍ പ്രവര്‍ത്തിക്കുകയും ഐഎന്‍എയുടെ രഹസ്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിയില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ വീരോചിതമായ പങ്കുവഹിച്ച ഒരു വനിതാ സൈനിക വിഭാഗമാണ് ഐഎന്‍എയിലെ റാണി ഓഫ് ഝാന്‍സി റെജിമെന്റ്. ഈ സേനയുടെ ഭാഗമായിരുന്നു നീര ആര്യ. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഐഎന്‍എയുടെ രഹസ്യാന്വേഷണ വിഭാഗത്തിനായി ആര്യ രഹസ്യ ദൗത്യങ്ങള്‍ ഏറ്റെടുത്തു. അവര്‍ വളരെ വ്യത്യസ്തയായ ചാര വനിതയായിരുന്നു. അവര്‍ ആയുധങ്ങള്‍ കൈവശം വച്ചിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് രാജിന്റെ നിര്‍ണായക വിവരങ്ങളും രഹസ്യങ്ങളുമെല്ലാം നീര ആര്യ ഐഎന്‍എയ്ക്ക് ചോര്‍ത്തി നല്‍കി.

സാധാരണ വസ്തുക്കളില്‍ ഒളിപ്പിച്ചാണ് അവര്‍ കോഡ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ബ്രിട്ടീഷ് സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും സാധ്യമായ എല്ലാ ഭീഷണികളെ കുറിച്ചും ഐഎന്‍എയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു ആര്യ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസ്ഥാനത്തെ സംരക്ഷിച്ച അവർ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിന് നിരവധി പ്രാദേശിക ശൃംഖലകള്‍ നിര്‍മ്മിക്കുകയും ചെയ്തു

ആര്യ തന്റെ വ്യക്തി ജീവിതം തന്നെ ദേശസ്‌നേഹത്തിന്റെ പേരില്‍ പോരാട്ടമാക്കി. അതും ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തിന്റെ ഭാഗമായി തകര്‍ത്തെറിയേണ്ടി വന്നു. ബ്രിട്ടീഷ് സിഐഡി ഉദ്യോഗസ്ഥനായിരുന്നു ആര്യയുടെ ഭര്‍ത്താവ്. നേതാജിയുടെ താവളം ബ്രിട്ടീഷ് അധികാരികള്‍ക്ക് ഒറ്റികൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെല്ലുവിളിച്ച ആര്യ വിവാഹജീവിതത്തിനു മേലെ രാജ്യത്തിന്റെ ഭാവി തിരഞ്ഞെടുത്തു.

പിന്നീട് ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായപ്പോഴും പീഡനങ്ങളും കഠിനമായ വേദനകളും നേരിട്ടിട്ടും ഐഎന്‍എയുടെ രഹസ്യ വിവരങ്ങളൊന്നും ആര്യ വെളിപ്പെടുത്തിയില്ല. ബ്രിട്ടീഷുകാര്‍ക്ക് ഒരു തരത്തിലും അവരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് മുമ്പുള്ള അഗ്നീപരീക്ഷയെ നേരിട്ട നിശബ്ദ സൈനികയായി നീര ആര്യ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്.

ആര്യയില്‍ നിന്ന് ഒരു വിവരവും ലഭിക്കാതെ വന്നതോടെ അവരെ കൂടുതല്‍ പീഡനങ്ങൾക്ക് വിധയേമാക്കുന്നതിനായി ആന്‍ഡമാന്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലിലേക്ക് അയച്ചു. അവിടെ വെച്ച് അവരുടെ സ്തനങ്ങൾ ഛേദിക്കുന്നതടക്കമുള്ള പീഡനങ്ങൾ നേരിട്ടതായി ചരിത്രം പറയുന്നു.

1998 ജൂലൈ 26 ന് ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അവർ അന്ത്യശ്വാസം വലിച്ചു.

ജനുവരി 2-ന് റിലീസ്

ഇന്ത്യ ക്ലാസിക് ആര്‍ട്‌സിന്റെ ബാനറില്‍ കന്നഡ സിനിമാ സംവിധായികയും നിര്‍മാതാവുമായ രൂപ അയ്യര്‍, എബി ജയഗോപാല്‍, രാജേന്ദ്ര രാജന്‍ എന്നിവരാണ് ‘ആസാദ് ഭാരത്’ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ജനുവരി 2-ന് റിലീസ് ചെയ്യും. രൂപ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദിയിലേക്കുള്ള രൂപയുടെ അരങ്ങേറ്റ ചിത്രമാണിത്.

രൂപ അയ്യര്‍, ശ്രേയസ് തല്‍പാഡെ, സുരേഷ് ഒബ്‌റോയ്, പ്രിയാന്‍ഷു ചാറ്റര്‍ജി, ഇന്ദിര തിവാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ. രൂപ തന്നെയാണ് നീര ആര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

ഈ ചിത്രം നിര്‍മ്മിക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് രൂപ പറയുന്നു. “ഒരു സംവിധായകയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ ക്രൂ അംഗങ്ങള്‍ കാണിച്ച വിമുഖത ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പ്രോജക്ടില്‍ തന്നെ സഹായിച്ച നിരവധി സ്ത്രീകളോട് ഞാന്‍ നന്ദി പറയുന്നു”, രൂപ കൂട്ടിച്ചേര്‍ത്തു.

“അറിയപ്പെടാതെ പോയ എല്ലാ ധീരന്മാര്‍ക്കുമായുള്ള സമര്‍പ്പണമാണ് ഈ ചിത്രം. ഇത് നേതൃത്വത്തെയോ ദേശസ്‌നേഹത്തെയോ കുറിച്ച് മാത്രമല്ല അപൂര്‍വമായി മാത്രം കേള്‍ക്കുന്ന കഥയിലാണ് ചിത്രത്തിന്റെ ശ്രദ്ധ. നിരവധി പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ ഒറ്റ സിനിമയില്‍ ആവിഷ്‌കരിക്കുകയാണിവിടെ. നേതാജി എല്ലാവരുടേതുമാണ്. ഇതുകൊണ്ടാണ് ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തത്. ഇത് നമ്മുടെ രാജ്യത്തിനായി സമര്‍പ്പിക്കുന്ന ഒരു സാമൂഹിക ബോധമുള്ള ചിത്രമാണ്”, രൂപ അയ്യര്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/

രാജ്യരഹസ്യം നൽകാത്തതിന് ബ്രിട്ടീഷുകാർ സ്തനങ്ങൾ മുറിച്ച ഇന്ത്യയുടെ ആദ്യ ചാരവനിത നീര ആര്യയുടെ കഥ ‘ആസാദ് ഭാരത്’

Comments are closed.