ഉത്തർപ്രദേശിൽ വാള്‍ വിതരണം ചെയ്ത 10 ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 10 Hindu Raksha Dal activists arrested for distributing swords in Uttar Pradesh | India


Last Updated:

വാള്‍ വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്

News18
News18

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ഷാലിമാര്‍ ഗാര്‍ഡനിലെ ഓഫീസില്‍ നിന്ന് വാളുകള്‍ വിതരണം ചെയ്ത പത്ത് ഹിന്ദു രക്ഷാ ദളിന്റെ(എച്ച്ആര്‍ഡി) പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് പോലീസ് അറിയിച്ചു. വാള്‍ വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്ന് എട്ട് വാളുകള്‍ പോലീസ് പിടിച്ചെടുത്തു.

ഷാലിമാര്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍ 40 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 30 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷാലിമാര്‍ ഗാര്‍ഡന്‍ എക്‌സ്-2ലെ എച്ച്ആര്‍ഡി ഓഫീസില്‍ വാളുകള്‍ വിതരണം ചെയ്തതായി ഡിസംബര്‍ 29ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

വീഡിയോയില്‍ നിരവധിയാളുകള്‍ വാളുകള്‍ പിടിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ആക്രമണാത്മക പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതും കാണാമെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘങ്ങളെ പ്രദേശത്തേക്ക് അയയ്ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കപില്‍ കുമാര്‍, ശ്യാം പ്രസാദ്, അരുണ്‍ ജെയിന്‍, രാംപാല്‍, അമിത് സിംഗ്, അമിത് കുമാര്‍, അമിത് അറോറ, മോഹിത് കുമാര്‍, ദേവേന്ദ്ര ബാഗേല്‍, ഉജാല സിംഗ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവിരെല്ലാം ഹിന്ദു രക്ഷാ ദളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ചൗധരി എന്നയാളുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ ഓഫീസില്‍ ഒത്തുകൂടിയതെന്നും വാളുകള്‍ അയാളാണ് ക്രമീകരിച്ചതെന്നും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചു വരികയാണെന്നും അറസ്റ്റിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Comments are closed.