Last Updated:
സിവിൽ നിയമം, ക്രിമിനൽ നിയമം, ഡിഫൻസ്, കോർപ്പറേറ്റ്, കുടുംബ തർക്കങ്ങൾ തുടങ്ങിയവയിൽ സഹായം ലഭിക്കാൻ ന്യായ സേതു ചാറ്റ് ബോട്ട് ഉപയോഗിക്കാവുന്നതാണ്
സൗജന്യ നിയമ സേവനമായ ന്യായ സേതു ഇനി മുതൽ വാട്ട്‌സ്ആപ്പിലും ലഭ്യമാകും. കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിലെ ചാറ്റ്‌ബോട്ടിലൂടെ പൗരന്മാർക്ക് സൗജന്യ നിയമസഹായം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം പോസ്റ്റിൽ വ്യക്തമാക്കി. സിവിൽ നിയമം, ക്രിമിനൽ നിയമം, ഡിഫൻസ്, കോർപ്പറേറ്റ്, കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ നിയമസഹായം ലഭിക്കാൻ പൗരന്മാർക്ക് ന്യായ സേതു ചാറ്റ് ബോട്ട് ഉപയോഗിക്കാവുന്നതാണ്.
”ഇനി നിയമസഹായത്തിന് ഒരു മെസേജിന്റെ അകലം മാത്രം. ന്യായ സേതു നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് നേരിട്ട് എളുപ്പത്തിൽ നീതി കൊണ്ടുവരുന്നു. നിയമോപദേശത്തിനും വിവരങ്ങൾക്കുമായി ഒരു ഏകീകൃത ഇന്റർഫേസ് ലഭ്യമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ വേരിഫൈ ചെയ്യുക. പ്രൊഫഷണൽ നിയമസഹായം എല്ലായ്‌പ്പോഴും വേഗത്തിലും എല്ലാ പൗരന്മാർക്കും ലഭ്യമാക്കാൻ ഈ സ്മാർട്ട് നാവിഗേഷൻ ഉറപ്പാക്കുന്നു,” നിയമ-നീതി മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
വാട്ട്സ്ആപ്പിൽ ‘7217711814’ എന്ന നമ്പർ സേവ് ചെയ്ത് ആളുകൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ തുടങ്ങാം. നമ്പർ സേവ് ചെയ്തതിനുശേഷം അത് ടെലി-ലോ ആയി ദൃശ്യമാകും. മൊബൈൽ നമ്പറിന്റെ വെരിഫിക്കേഷൻ കഴിഞ്ഞാൽ, ഏകീകൃത നിയമോപദേശവും വിവരങ്ങളും നൽകാൻ AI പ്രയോജനപ്പെടുത്തുന്ന ന്യായ സേതു ചാറ്റ്ബോട്ട് ആളുകൾക്ക് ഉപയോഗിക്കാം.
സേവനം ആരംഭിച്ചുവെങ്കിലും ഉപയോക്തൃ സംതൃപ്തി പരിമിതമാണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സേവനം ആക്സസ് ചെയ്യുമ്പോൾ നിരവധി ആളുകൾ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്ഫോമായ അരട്ടൈയിക്ക് പകരം ന്യായ സേതു വാട്ട്സ്ആപ്പുമായി ലിങ്ക് ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചില ഉപയോക്താക്കൾ ചോദ്യം ചെയ്തിട്ടുണ്ട്.
കുടുംബ തർക്കങ്ങൾ, വൈവാഹിക പ്രശ്നങ്ങൾ, ഗാർഹിക പീഡന കേസുകൾ എന്നിവയിൽ ന്യായ സേതു പിന്തുണ നൽകുന്നുണ്ടെന്ന് നിയമ-നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
New Delhi,New Delhi,Delhi

Comments are closed.