Last Updated:
മൈസൂരുവിൽ നിന്ന് എറണാകുളത്തെ ബീവറേജസ് ഗോഡൗണിലേക്ക് 700 കെയ്സ് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട്: ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മൈസൂരുവിൽ നിന്ന് എറണാകുളത്തെ ബീവറേജസ് ഗോഡൗണിലേക്ക് 700 കെയ്സ് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി കാറുമായി ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ലോറിയിലുണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിലാകെ ചിതറിവീണു. ലോറിക്കടിയിൽ കുടുങ്ങിപ്പോയ കൃഷ്ണനെ വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറിയിലുണ്ടായിരുന്ന മദ്യത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്താനായി എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം മാത്രമേ മദ്യക്കുപ്പികൾ സ്ഥലത്തുനിന്ന് മാറ്റുകയുള്ളൂ.
Kozhikode [Calicut],Kozhikode,Kerala
Jan 05, 2026 11:59 AM IST
കോഴിക്കോട് മദ്യവുമായെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മദ്യക്കുപ്പികൾ റോഡിൽ ചിതറി

Comments are closed.