Last Updated:
2025 ജൂലൈ 13-നാണ് രവീന്ദ്രൻ നായർ മെഡിക്കൽ കോളജിലെ തകരാറിലായ ലിഫ്റ്റിൽ കുടുങ്ങിയത്
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ട് മാസത്തിനുള്ളിൽ സർക്കാർ ഈ തുക കൈമാറണം. 2025 ജൂലൈ 13-നാണ് രവീന്ദ്രൻ നായർ മെഡിക്കൽ കോളജിലെ തകരാറിലായ ലിഫ്റ്റിൽ കുടുങ്ങിയത്. ജൂലൈ 15-ന് രാവിലെ ആറ് മണിയോടെയാണ് ഇദ്ദേഹത്തെ പുറത്തെടുക്കാൻ സാധിച്ചത്. തകരാറിലായ ലിഫ്റ്റ് പൂട്ടുന്നതിലോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിലോ അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ കണ്ടെത്തി.
ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കേണ്ട ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതിൽ വീഴ്ചയുണ്ടായതായും കമ്മിഷൻ നിരീക്ഷിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടാതിരുന്നതെന്നും നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും വിധിയിൽ പറയുന്നു. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെ ഭാഗത്ത് പിഴവുകൾ ഉണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കാനും സർക്കാരിനോട് കമ്മിഷൻ നിർദ്ദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനൊപ്പം രവീന്ദ്രൻ നായർ നൽകിയ പരാതിയും പരിഗണിച്ചാണ് ഈ നടപടി.
42 മണിക്കൂർ തിരുവനന്തപുരം മെഡിക്കൽ കോളജ് ലിഫ്റ്റിൽ കുടുങ്ങിയ രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്

Comments are closed.