Last Updated:
കുടിശിക വരുത്തുന്നവർ സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സമാന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി
പാലക്കാട്: വൈദ്യുതി ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് പാലക്കാട് മരുതറോഡിലെ എംവിഡി എൻഫോഴ്സ്മെന്റ് ഓഫിസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചിട്ട് അഞ്ചുദിവസം. കുടിശിക വരുത്തുന്നവർ സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സമാന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ നവംബർ മാസം മുതൽ ബില്ലടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. കുടിശിക അരലക്ഷം രൂപ കടന്നതോടെയാണ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയത്. ഇതോടെ ഓഫിസിലെ എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിലാവുകയും ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഇലക്ട്രിക് വാഹനങ്ങൾ കട്ടപ്പുറത്താവുകയും ചെയ്തു.
സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ കുടിശിക വരുത്തുന്നതിൽ കെഎസ്ഇബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പല വകുപ്പുകളും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കണക്ഷൻ വിച്ഛേദിക്കുന്നത് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് കൃത്യമായി പണം നൽകേണ്ടതുണ്ടെന്നും എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കൃഷി വകുപ്പിന് കീഴിലുള്ള ഓഫിസുകളിലും കെഎസ്ഇബി സമാനമായ നടപടി സ്വീകരിച്ചിരുന്നു.
Palakkad,Palakkad,Kerala

Comments are closed.