Last Updated:
മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം
തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഒഴിയുന്നത്. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് സമീപമാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസിലെ സാധനങ്ങൾ ഇതിനകം പുതിയ ഇടത്തേക്ക് മാറ്റി. ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഓഫീസിനെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ഓഫീസ് മാറ്റുന്നതെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി.
എംഎൽഎ ഓഫിസ് ഒഴിയണമെന്ന് വാർഡ് കൗൺസിലർ ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. തന്റെ വോട്ടർമാരെ കാണാൻ സൗകര്യപ്രദമായ സ്ഥലം വേണമെന്ന കൗൺസിലറുടെ ആവശ്യം ഫോൺ വഴി എംഎൽഎയെ അറിയിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യം കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ. ഇതിനിടെ ശ്രീലേഖ ഇതേ കെട്ടിടത്തിൽ തന്നെ ഓഫീസ് തുടങ്ങുകയും മുറിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതേസമയം ഓഫീസിൽ എംഎൽഎയുടെ ബോർഡിനു മുകളിൽ ശ്രീലേഖയുടെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചതും ചർച്ചയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.