Last Updated:
ഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ യുവതിയുടെ പ്രസവത്തിന് പിന്നാലെ ഗുരുതര ചികിത്സാപ്പിഴവ് നടന്നതായി പരാതി. പ്രസവസമയത്ത് രക്തസ്രാവം തടയാൻ ശരീരത്തിനുള്ളിൽ വെച്ച കോട്ടൺ തുണി മാറ്റാൻ മറന്നതായാണ് ആരോപണം. പ്രസവം നടന്ന് 75 ദിവസത്തിന് ശേഷം കോട്ടണ്‍ തുണി തനിയെ പുറത്തുവന്നു. മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21-കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കുടുംബം മന്ത്രി ഒ.ആർ. കേളുവിനും പോലീസിനും പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം. സാധാരണ പ്രസവമായിരുന്നു. ഒക്ടോബർ 25-ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ടെങ്കിലും വെള്ളം കുടിക്കാത്തതിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീട് വീണ്ടും വേദനയുമായി എത്തിയപ്പോഴും സ്കാനിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ വെക്കുന്ന തുണി പ്രസവാനന്തരം നീക്കം ചെയ്യാതിരുന്നതാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടര മാസത്തോളം തുണി ശരീരത്തിനുള്ളിൽ കിടന്നത് യുവതിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് മറ്റ് അണുബാധകൾ ഉണ്ടാകാതിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
Jan 07, 2026 12:11 PM IST
വയനാട്ടിൽ പ്രസവം കഴിഞ്ഞ് 75-ാം ദിവസം 21 കാരിയുടെ വയറ്റില്‍ നിന്നും കോട്ടണ്‍ തുണി പുറത്തേക്കു വന്നു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

Comments are closed.