Last Updated:
ബിഹാറിലെ കിഷൻ ഗഞ്ച് ജില്ലയിൽ നിന്ന് എത്തിയ 10 മുതൽ 13 വയസ്സു വരെ പ്രായമുള്ള ആൺകുട്ടികളെയാണ് പാലക്കാട് റെയിൽവേ പോലീസ് CWCക്ക് കൈമാറിയത്
രേഖകളില്ലാതെ ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് കൈമാറി റെയിൽവേ പൊലീസ്. ബിഹാറിലെ കിഷൻ ഗഞ്ച് ജില്ലയിൽ നിന്ന് എത്തിയ 10 മുതൽ 13 വയസ്സു വരെ പ്രായമുള്ള ആൺകുട്ടികളെയാണ് പാലക്കാട് റെയിൽവേ പോലീസ് CWCക്ക് കൈമാറിയത്. ഇവർക്കൊപ്പം ബിഹാർ സ്വദേശിളായ രണ്ട് മുതിർന്ന ആളുകൾ കൂടി ഉണ്ടായിരുന്നു. കോഴിക്കോട്ടെ സ്‌ഥാപനത്തിലേക്ക് പഠനത്തിനായി കുട്ടികളെ കൊണ്ടുപോകുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്ക് വിവേക് എക്സ്‌പ്രസ് ട്രെയിനിലാണ് പാലക്കാട് ജംഗ്ഷൻ സ്‌റ്റേഷനിൽ കുട്ടികൾ എത്തിയത്. സംശയാസ്പദമായി കുട്ടികളെ കണ്ട പൊലീസ് ഇവർക്കൊപ്പമുണ്ടായിരുന്ന മുതിർന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിലേക്ക് പഠനത്തിനായാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് പറഞ്ഞത്. എന്നാൽ കുട്ടികളുടെ തിരിച്ചറിയൽ രേഖ പോലും ഇവരുടെ കൈശമുണ്ടായിരുന്നില്ല.
തുടർന്ന് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സനെ വിവരമറിയിച്ചു. രണ്ടു വർഷത്തെ കോഴ്സിനാണ് കുട്ടികളെകൊണ്ടുവന്നതെന്നണാണ് കൂടെയുള്ളവർ ചെയർപേഴ്സണോട് പറഞ്ഞത്. കോഴിക്കോട്ടെ സ്ഥാപനത്തിന്റെ പേരും ഇവർ എഴുതി നൽകി. എന്നാൽ ഏത് കോഴ്സിനായാണ് കുട്ടികളെകൊണ്ടുവന്നത് എന്ന് വ്യക്തമായില്ല.തുടർന്ന് പൊലീസ് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.കൂടെയുണ്ടായിരുന്ന രണ്ടു പേരെയും വിശദമായ അന്വേഷണത്തിന് പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കുട്ടികളെ താൽക്കാലികമായി പേഴുങ്കരയിലെ സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളുടെ വീട്ടുകാരെ വിവരമറിയിക്കാൻ പൊലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്‌ഥാപനത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചു.
New Delhi,Delhi
Jan 12, 2026 10:06 AM IST

Comments are closed.