Last Updated:
ഭർത്താവ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായത്
മുട്ടക്കറി വയ്ക്കുന്നതിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ശാന്തി നഗര്‍ സ്വദേശി ശുഭം(28) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശുഭം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീട്ടിലെത്തിയ മകന് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടതായി ശുഭത്തിന്റെ അമ്മ മുന്നിദേവി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭാര്യ ഇത് വിസമ്മതിച്ചു. ശുഭം വന്നപ്പോള്‍ പുറത്തുനിന്ന് ചൗമിന്(ഒരു തരം ന്യൂഡില്‍സ്) കൊണ്ടുവന്നിരുന്നതായും എന്നാല്‍ ഭാര്യ അത് കഴിക്കാൻ കൂട്ടാക്കിയില്ലെന്നും മുന്നി ദേവി പറഞ്ഞു. അതിന് ശേഷം ”എന്റെ മകന് തന്നെയാണ് മുട്ടക്കറി തയ്യാറാക്കിയത്. വൈകാതെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി,” അവര്‍ കൂട്ടിച്ചേര്‍ത്തു. തര്‍ക്കം അതിരൂക്ഷമാകുകയും തര്‍ക്കത്തിനിടെ ഭാര്യ തെരുവിൽ, റോഡിലേക്ക് ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്നി ദേവിയും ശുഭവും ചേര്‍ന്ന് ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ”പൊതുസ്ഥലത്ത് വെച്ചാണ് വഴക്ക് നടന്നത്. അതില്‍ മകന് താൻ അപമാനിക്കപ്പെട്ടതായി തോന്നി,” അവര്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ശുഭം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി കുടുംബം ആരോപിച്ചു. അയല്‍ക്കാരുടെയും സമൂഹത്തിന്റെ മുന്നില്‍ അപമാനിതനായി എന്ന് ശുഭത്തിന് തോന്നിയതായും അവര്‍ പറഞ്ഞു.
ഇതിന് പിന്നാലെ ശുഭം വീടിനുള്ളില്‍ കയറി ജീവനൊടുക്കുകയായിരുന്നുവെന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ശുഭത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശുഭവുമായി ഭാര്യ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മുന്നി ദേവി ആരോപിച്ചു. 2025 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
”തര്‍ക്കത്തിന് പിന്നാലെ ഭാര്യ റോഡിലേക്ക് ഇറങ്ങി പോയത് മകന് ഇഷ്ടപ്പെട്ടില്ല. മുമ്പും അവള് അങ്ങനെ ചെയ്തിട്ടുണ്ട്,” മുന്നി ദേവി പറഞ്ഞു. ശുഭം ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ ഭാര്യ ശക്തമായി എതിര്‍ത്തിരുന്നുവെന്നും അവര്‍ പറഞ്ഞു. പലപ്പോഴും ഇക്കാര്യം ഇരുവര്‍ക്കുമിടയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നതായും അവര്‍ പറഞ്ഞു.
സിറ്റി കോട് വാലിയില്‍ നിന്നുള്ള പോലീസ് സംഘമെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
”ശുഭം ജീവനൊടുക്കുന്നതിന് മുമ്പ് ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ കുടുംബാംഗങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും കേസിന്റെ എല്ലാ വശങ്ങളെയും കുറിച്ച് പരിശോധിക്കുകയും ചെയ്ത് വരികയാണ്,” ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ശുഭത്തിന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
New Delhi,New Delhi,Delhi

Comments are closed.