Last Updated:
ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും മേയർ വി വി രാജേഷ്
തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചുവച്ച് ബിജെപി. എന്നാൽ ഇതിൽ എതിർപ്പുമായി എൽഡിഎഫ് രംഗത്തെത്തി.
അതേസമയം, മുൻപ് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
1940 ൽ കോർപറേഷൻ രൂപീകരിച്ചതുമുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിലാണ് നീക്കം ചെയ്തത്. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ തർക്കമായി.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിന് തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത് സ്ഥാപിക്കാൻ എൽഡിഎഫ് ഭരണ സമിതി തയാറായില്ല.
ബിജെപി നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.
Summary: The BJP has reinstalled the portrait of Chithira Thirunal Balarama Varma in the Thiruvananthapuram Corporation Council Hall, which was earlier removed by the LDF-led administration during CPM leader Arya Rajendran’s tenure as Mayor. This move has triggered a fresh standoff with the LDF, who have come out in strong opposition.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം

Comments are closed.