Last Updated:
ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർധിപ്പിച്ചു
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നതിനിടെ, മറ്റൊരു ഹിന്ദു കുടുംബത്തിൻ്റെ വീട് കൂടി ലക്ഷ്യം വെച്ച് അക്രമികൾ. സിൽഹെറ്റിലെ ഗോയിൻഘട്ട് ഉപസിലയിൽ ‘ജുനു സർ’ എന്നറിയപ്പെടുന്ന അധ്യാപകൻ ബിരേന്ദ്ര കുമാർ ദേയുടെ വീടാണ് അക്രമികൾ കത്തിച്ചത്. ഇത് കുടുംബാംഗങ്ങൾക്കിടയിലും പ്രാദേശിക ന്യൂനപക്ഷ സമൂഹത്തിനിടയിലും വലിയ ഭീതിയും ദുഖവും സൃഷ്ടിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർധിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അക്രമത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിനുള്ളിൽ തീ പടരുന്നതും കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വീടിന് എങ്ങനെയാണ് തീ പിടിച്ചതെന്നോ പ്രതികൾ ആരെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിൽ ഹിന്ദു കുടുംബങ്ങളുടെ നിരവധി വീടുകൾക്ക് തീയിട്ടിട്ടുണ്ട്. ഡിസംബർ 28ന് പിരോജ്പൂർ ജില്ലയിലെ ദുമ്രിതാല ഗ്രാമത്തിൽ ഒരു വീട് കത്തിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പ്, ഡിസംബർ 18ന് മൈമെൻസിംഗിൽ മതനിന്ദ ആരോപിച്ച് 29 കാരനായ ഗാർമെൻ്റ് തൊഴിലാളി ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഡിസംബർ 23ന് ചിറ്റഗോംഗിലെ റാവുസാനിൽ രണ്ട് പ്രവാസി ഹിന്ദു കുടുംബങ്ങളുടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എട്ടുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് ദിവസത്തിനിടെ ആ പ്രദേശത്ത് നടക്കുന്ന ആറാമത്തെ തീവെപ്പ് സംഭവമാണിത്. പുലർച്ചെ 3.15നും 4നും ഇടയിലായിരുന്നു സംഭവം. വീടിന് പുറത്തുനിന്ന് പൂട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ലെന്നും ഒടുവിൽ മേൽക്കൂരയും വേലിയും മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെ ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ദിപു ചന്ദ്ര ദാസിൻ്റെ കൊലപാതകം ലോകമെമ്പാടും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. വർഗീയ സ്വഭാവമുള്ള കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്ന മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ ഇന്ത്യ കഴിഞ്ഞ ആഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ വ്യാജപ്രചരണങ്ങളാണെന്നും വർഗീയ സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്നുമാണ് യൂനുസ് സർക്കാർ പ്രതികരിച്ചത്.
Summary: Amidst the ongoing violence against minorities in Bangladesh, the house of another Hindu family has been targeted and set ablaze. The home of teacher Birendra Kumar Dey, popularly known as ‘Jhunu Sir,’ located in Gowainghat Upazila of Sylhet, was burned down by attackers. This incident has created deep fear and distress among the family members and the local minority community.
New Delhi,New Delhi,Delhi
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു

Comments are closed.