Last Updated:
227 അംഗ മുനിസിപ്പൽ ബോഡിയിൽ മഹായുതി സഖ്യം ആകെ 120 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം മറികടന്നു
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുൻസിപ്പൽ കോർപ്പറേഷനായ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) 28 വർഷമായി തുടരുന്ന താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലേക്ക്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി– ശിവ സേന(ഷിൻഡെ) വിഭാഗത്തിന് മേയർ പദവി ലഭിക്കാൻ പോകുന്നത്.227 അംഗ മുനിസിപ്പൽ ബോഡിയിൽ മഹായുതി സഖ്യം ആകെ 120 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം മറികടന്നു. ഇതിൽ, ബിജെപി മാത്രം 93 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷിയായ ശിവസേന 27 സീറ്റുകൾ നേടി.
മറുവശത്ത്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) സഖ്യം ആകെ 73 സീറ്റുകളാണ് നേടിയത്. ഇതിൽ 63 സീറ്റുകൾ ശിവസേന (യുബിടി) നേടി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) 10 സീറ്റുകൾ നേടിയപ്പോൾ, എൻസിപിക്കും (ശരദ് പവാർ വിഭാഗം) എൻസിപിക്കും അക്കൌണ്ട് തുറക്കാനായില്ല.
സംസ്ഥാനത്തെ മറ്റ് നഗര കേന്ദ്രങ്ങളിലും ബിജെപി കരുത്ത് തെളിയിച്ചുകൊണ്ട് സഖ്യത്തിലെ വലിയ കക്ഷിയായി. നാഗ്പൂരിൽ 80-ലധികം വാർഡുകളിലാണ് ബിജെപിയുടെ മുന്നേറ്റമുണ്ടായത്. പിംപ്രി-ചിഞ്ച്‌വാഡ്, പൂനെ എന്നിവിടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ വിജയത്തെ ‘മഹാവിജയം‘ എന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിപ്പിടിക്കുന്ന വികസന രാഷ്ട്രീയത്തിലുള്ള വോട്ടർമാരുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്നും മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഈ തിരഞ്ഞെടുപ്പ് ഫലം വലിയ ആശ്വാസമാണ് നൽകിയത്. താനെ, കല്യാൺ-ഡോംബിവ്‌ലി, മുംബൈയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഷിൻഡെ പക്ഷം മികച്ച പ്രകടനം കാഴ്ചവെച്ചു. യഥാർത്ഥ ശിവസേന വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്ന് ഈ ജനവിധി തെളിയിക്കുന്നതായി ഷിൻഡെ പറഞ്ഞു. നവി മുംബൈയിൽ 109 അംഗ സഭയിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കടന്നു.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ ഫലം വലിയ തിരിച്ചടിയാണ് നൽകുന്നത്. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒത്തുചേർന്ന് പ്രചാരണങ്ങൾ നടത്തിയെങ്കിലും അത് സീറ്റുകളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. മുംബൈയുടെ ചില ഭാഗങ്ങളിലും കൊങ്കൺ മേഖലയിലും ഉദ്ധവ് പക്ഷം സാന്നിധ്യം അറിയിച്ചപ്പോൾ, കോൺഗ്രസും ശരദ് പവാർ പക്ഷവും ലാത്തൂർ, കോലാപ്പൂർ തുടങ്ങിയ ചുരുക്കം ചില ഇടങ്ങളിൽ ഒതുങ്ങിപ്പോയി. വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അത് തള്ളിക്കളയുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടന്ന 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 25 എണ്ണത്തിലും മഹായുതി സഖ്യം അധികാരം ഉറപ്പിച്ചകഴിഞ്ഞു. മെട്രോ ലൈനുകൾ, കോസ്റ്റൽ റോഡ് തുടങ്ങിയ വികസന പദ്ധതികൾ വേഗത്തിലാക്കാൻ ഈ വിജയം സഹായിക്കുമെന്നാണ് ഭരണപക്ഷത്തിന്റെ അവകാശ വാദം.
Mumbai,Maharashtra
മുംബൈയിൽ 28 വർഷത്തെ താക്കറെ ആധിപത്യം അവസാനിച്ചു; ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപറേഷനിൽ അധികാരത്തിലേക്ക്

Comments are closed.