Last Updated:
ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ വലിയ സന്തോഷമുണ്ട്. അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എടുത്ത നല്ല തിരുമാനമാണിതെന്നും വരാനിരിക്കുന്ന തലമുറ കെ എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും സതീശൻ പറഞ്ഞു.
ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്ന് സതീശൻ പറഞ്ഞു. അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. നരകത്തീയിൽ വെന്തുമരിക്കണമെന്ന് മാണിസാർ ജീവിച്ചിരിക്കുമ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ എം മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവെയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.
ഐഷാ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണ്. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം. എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്. ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചാരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്ന് പറഞ്ഞു. അപ്പോഴതാ ഉടൻ തന്നെ ഒരാൾ രംഗപ്രവേശം ചെയ്തു. കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ടെന്നും സതീശൻ പരിഹസിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘നരകത്തീയിൽ വെന്തുമരിക്കണമെന്ന് ശപിച്ചവർ തന്നെ മാണിസാറിന് സ്മാരകമൊരുക്കുന്നതിൽ സന്തോഷം’: വി ഡി സതീശൻ

Comments are closed.