Last Updated:
ഹരിശങ്കറിന്റെ പിതാവും മുൻ ദേവസ്വം ബോർഡ് അംഗവുമായ ശങ്കരദാസിനെ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്യാതിരുന്നത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ അഴിച്ചുപണിയിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തെ മാറ്റമാണ്. കഴിഞ്ഞ ജനുവരി ഒന്നിന് കൊച്ചി കമ്മീഷണറായി ചുമതലയേറ്റ എസ്. ഹരിശങ്കർ ഐപിഎസ് ഈ മാസം എട്ടാം തീയതി മുതൽ 15 ദിവസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ സായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായി മാറ്റി നിയമിക്കുകയും പകരം ഐജി കാളിരാജ് മഹേഷ് കുമാറിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയോഗിക്കുകയും ചെയ്തു. ഇതോടെ കൊച്ചി കമ്മീഷണർ പദവി വീണ്ടും ഡിഐജി റാങ്കിൽ നിന്നും ഐജി റാങ്കിലേക്ക് ഉയർത്തപ്പെട്ടു.
ഹരിശങ്കറിന്റെ പിതാവും മുൻ ദേവസ്വം ബോർഡ് അംഗവുമായ ശങ്കരദാസിനെ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്യാതിരുന്നത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മകൻ എസ് പി ആയതിനാലാണോ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചതിനു പിന്നാലെ SIT ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മറ്റ് പ്രധാന മാറ്റങ്ങളിൽ ജി. ജയ്‌ദേവ് കോഴിക്കോട് കമ്മീഷണറായും ഹേമലത കൊല്ലം കമ്മീഷണറായും ചുമതലയേൽക്കും. തൃശ്ശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ബി. കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി.
കൊല്ലം കമ്മിഷണർ കിരൺ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്‌പിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ്‌പി കെ.എസ്. സുദർശനെ എറണാകുളം റൂറൽ എസ്‌പി യാക്കി. എറണാകുളം റൂറൽ എസ്‌പി ഹേമലതയെ കൊല്ലം കമ്മിഷണറാക്കി.
കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജുവിനെ കോസ്റ്റൽ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി.
തിരുവനന്തപുരം ഡിസിപിയായിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറൽ എസ്‌പിയാക്കി. തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുൺ കെ. പവിത്രനെ വയനാട് ജില്ലാ പോലീസ് മേധാവിയാക്കി. വനിതാ ബറ്റാലിയൻ കമാൻഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്‌പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറൽ എസ്‌പിയാക്കി. റെയിൽവേ എസ്‌പിയായിരുന്ന കെ.എസ്. ഷഹൻഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.
Thiruvananthapuram,Kerala

Comments are closed.