Last Updated:
ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതിന് പകരം വയോധികയോട് അനുവാദം ചോദിച്ചും കുശലാന്വേഷണം നടത്തിയുമായിരുന്നു സംഘത്തിന്റെ കവർച്ച
അഹമ്മദാബാദ്: വയോധികയുടെ അനുവാദം വാങ്ങി കൈകാലുകൾ കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തെ തിരഞ്ഞ് പോലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള സെവാലിയ ഗ്രാമത്തിലാണ് 76-കാരിയുടെ വീട്ടിൽ നാലംഗ സംഘം അതിക്രമിച്ചു കയറി പണവും സ്വർണ്ണവും കവർന്നത്. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതിന് പകരം വയോധികയോട് അനുവാദം ചോദിച്ചും കുശലാന്വേഷണം നടത്തിയുമായിരുന്നു സംഘത്തിന്റെ കവർച്ച.
ഗൽതേശ്വർ താലൂക്കിലെ എം.ഡി ബംഗ്ലാവ് സൊസൈറ്റിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ ജനുവരി 10-ന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഉറക്കത്തിലായിരുന്ന വയോധികയെ വിളിച്ചുണർത്തിയ നാലംഗ സംഘം, തങ്ങളോട് സഹകരിക്കണമെന്ന് ശാന്തമായി ആവശ്യപ്പെട്ടു. ബഹളം വെക്കരുതെന്ന് പറഞ്ഞ മോഷ്ടാക്കൾ വയോധികയുടെ കൈകാലുകൾ കെട്ടിയിടുന്നതിന് മുൻപ് അവരോട് അനുവാദം ചോദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. വീട്ടമ്മയുടെ തന്നെ ദുപ്പട്ട ഉപയോഗിച്ചാണ് ഇവരെ കസേരയിൽ ബന്ധിച്ചത്.
യാതൊരു ധൃതിയോ ബഹളമോ ഇല്ലാതെയായിരുന്നു സംഘത്തിന്റെ നീക്കങ്ങൾ. അലമാരയുടെ താക്കോൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ വയോധിക കാണിച്ചുകൊടുത്തു. അവിടെയുണ്ടായിരുന്ന 15,000 രൂപ സംഘം കൈക്കലാക്കി. സ്വർണ്ണാഭരണങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയെങ്കിലും വിരലിലെ മോതിരം കണ്ട മോഷ്ടാക്കൾ അത് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് വയോധിക തന്നെ മോതിരം ഊരി നൽകുകയായിരുന്നു.
അതേസമയം, മടങ്ങുന്നതിന് മുൻപ് വയോധികയുടെ കൈകളിലെ കെട്ടുകൾ അയച്ച സംഘം തങ്ങൾ പോയിക്കഴിഞ്ഞ് കാലിലെ കെട്ടുകൾ സ്വയം അഴിച്ചോളാൻ നിർദ്ദേശിച്ചാണ് സ്ഥലം വിട്ടത്. ഏകദേശം 65,000 രൂപയുടെ നഷ്ട്ടം ഉണ്ടായതായി പോലീസ് പറയുന്നു. വയോധികയ്ക്ക് പരിക്കുകളൊന്നുമില്ല. ജനൽ വഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തി വരികയാണ്.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat

Comments are closed.